സ്വന്തം ലേഖകന്‍: യാത്രാ സുഖവും സൗകര്യവും ഉന്നംവച്ച് റയില്‍വേ ബജറ്റ്, നാലുതരം പുതിയ വണ്ടികള്‍ വരുന്നു. വമ്പന്‍ വാഗ്ദാനങ്ങളോ വന്‍ പദ്ധതികളോ ഇല്ലാത്ത ബജറ്റില്‍ റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഊന്നല്‍ നല്‍കിയത് യാത്രാ സുഖത്തിനും സൗകര്യത്തിനും. റയില്‍വേയുടെ എക്കാലത്തേയും തലവേദനയായ വൃത്തിയില്ലായ്മയും മറ്റു സൗകര്യങ്ങളുടെ നിലവാരം ഇല്ലായ്മയും പരിഹരിക്കാന്‍ വിവിധ പദ്ധതികള്‍ ബജറ്റിലുണ്ട്.
ഒപ്പം നാലുതരം പുതിയ വണ്ടികളും ബജറ്റില്‍ പ്രഖ്യാപിച്ചു. അന്ത്യോദയ, ഹംസഫര്‍, തേജസ്സ്, ഉദയ് എന്നിങ്ങനെയാണ് വണ്ടികളുടെ പേരുകള്‍. ഇവ എന്നുമുതല്‍ ഏതു റൂട്ടുകളില്‍ സര്‍വിസ് നടത്തുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല. എന്നാല്‍, പുതിയ വണ്ടികള്‍ക്കായി 3000 പുതിയ കോച്ചുകള്‍ നിര്‍മിക്കുമെന്ന് ബജറ്റ് അവതരണത്തിനുശേഷം മന്ത്രി പറഞ്ഞു.
അന്ത്യോദയ: സാധാരണക്കാരന് വേണ്ടിയുള്ള വണ്ടി എന്നാണ് ഇതിനെ മന്ത്രി വിശേഷിപ്പിച്ചത്. ദീര്‍ഘദൂരറൂട്ടില്‍ ഓടുന്ന സൂപ്പര്‍ ഫാസ്റ്റ് വണ്ടിയാണിത്. മുഴുവന്‍ കോച്ചുകളും റിസര്‍വേഷന്‍ ആവശ്യമില്ലാത്ത ജനറല്‍ കോച്ചുകളായിരിക്കും. ചുരുങ്ങിയ ചെലവില്‍, മുന്‍കൂട്ടി ബുക് ചെയ്യാതെ യാത്ര ചെയ്യാനാകുമെന്നതാണ് മെച്ചം. തിരക്കേറിയ റൂട്ടുകളിലായിരിക്കും ഈ വണ്ടി ഓടിക്കുക.
തേജസ്സ്: ഭാവിയില്‍ യാത്രാ തീവണ്ടികള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ വണ്ടിയെന്നാണ് മന്ത്രിയുടെ വിശേഷണം. മണിക്കൂറില്‍ 130 കി.മീ കൂടുതല്‍ വേഗത്തില്‍ ഓടും. ടി.വി, മ്യൂസിക് തുടങ്ങി വിനോദ സംവിധാനങ്ങള്‍, ട്രെയിന്‍ പോകുന്ന റൂട്ടിലെ മികച്ച ഭക്ഷണം, വൈ ഫൈ എന്നിവ ഉണ്ടാകും. തിരക്കനുസരിച്ച് നിരക്ക് കൂടിക്കൊണ്ടിരിക്കുന്ന പ്രീമിയം വിഭാഗത്തില്‍ പെടുന്നവയായിരിക്കും തേജസ്സ് വണ്ടികള്‍.
ഉദയ്: തിരക്കേറിയ റൂട്ടുകളിലേക്കായുള്ള രാത്രികാല ഡബ്ള്‍ ഡക്കര്‍ വണ്ടിയാണ്. ഉദയ്. രണ്ടു നിലകളുള്ള വണ്ടിയില്‍ ഇപ്പോഴുള്ളതിനെക്കാള്‍ 40 ശതമാനം അധികം പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. ഒരു നഗരത്തില്‍നിന്ന് മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ഒരു രാത്രിയാത്രയുടെ ദൂരം മാത്രമുള്ള റൂട്ടുകളിലാണ് ഉദയ് വണ്ടികള്‍ ഓടിക്കുക.
ഹംസഫര്‍: ഈ വണ്ടിയിലെ മുഴുവന്‍ കോച്ചുകളും എ.സി ആയിരിക്കും. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണവും ടിക്കറ്റിനൊപ്പം ബുക് ചെയ്യാനുള്ള സൗകര്യവും ലഭിക്കും.
കൂടുതല്‍ മൊബൈല്‍ ചാര്‍ജിങ് സോക്കറ്റുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങളുള്ള ‘ദീന്‍ ദയാല്‍’ ജനറല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. നിലവിലുള്ള ട്രെയിനുകളില്‍ തിരക്ക് പരിഗണിച്ച് രണ്ടു മുതല്‍ നാലു വരെ ‘ദീന്‍ ദയാല്‍’ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല