സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയില്‍ 4,000 കോടി രൂപയുടെ അഴിമതിയെന്ന ആരോപണവുമായി സിബിഐ രംഗത്തെത്തി. ആരോപണത്തെ കുറിച്ച് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം ഉടന്‍ തന്നെ അന്വേഷണം തുടങ്ങുമെന്നാണ് സൂചന.
റയില്‍വേ വഴി രാജ്യത്തുടനീളമുള്ള ചരക്കു നീക്കത്തില്‍ കൃത്രിമം കാണിച്ച് അഴിമതി നടത്തിയെന്നാണ് സിബിഐ കരുതുന്നത്. ചരക്കുകളുടെ തൂക്കത്തില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കൃത്രിമം കാണിക്കുകയാണ് ജീവനക്കാര്‍ ചെയ്യുന്നതെന്നാണ് ആരോപണം.
റയില്‍വേയുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും ചരക്കു നീക്കത്തിലൂടെയാണ്. 2012, 13 സാമ്പത്തിക വര്‍ഷത്തില്‍ റയില്‍വേ കടത്തിയത് 1,008 മില്യണ്‍ മെട്രിക് ടണ്‍ ചരക്കുകളാണ്. വരുമാനം 85,262 കോടി രൂപ!. ഇത് റയില്‍വേയുടെ മൊത്തം വരുമാനത്തിന്റെ 67% വരും.
എന്നാല്‍ ഈ ചരക്കുകള്‍ എല്ലാം തന്നെ ലക്ഷ്യസ്ഥാനത്തോ കൊണ്ടു പോകുന്ന സ്ഥലങ്ങള്‍ എവിടെയെങ്കിലും വച്ചോ ഇടക്ക് തൂക്കി നോക്കേണ്ടതുണ്ട്. കടലാസില്‍ കാണിച്ചിരിക്കുന്ന ചരക്കുകളുടെ തൂക്കവും, വാഗണില്‍ നിറച്ചിരിക്കുന്ന ചരക്കുകളുടെ തൂക്കവും ഒത്തുനോക്കാന്‍ വേണ്ടിയാണിത്.
എന്നാല്‍ ഈ സംവിധാനം അട്ടിമറിക്കപ്പെടുകയും വാഗണുകളില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ ചരക്കുകള്‍ കുത്തിനിറച്ച് അതു മറക്കാന്‍ കണക്കുകളില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കൃത്രിമം കാണിക്കുകയും ചെയ്തതായി സിബിഐ സംശയിക്കുന്നു.
റയില്‍വേ ചരക്കു നീക്കം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാണിക്കണമെങ്കില്‍ അഴിമതിക്കാര്‍ സാങ്കേതിക വിദ്യയില്‍ അവഗാഹം ഉള്ളവരാകണം എന്ന നിഗമനത്തിലാണ് സിബിഐ. റയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്താന്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരുടേയും ഏജന്‍സികളുടേയും സഹായം ലഭിച്ചിരുന്നോയെന്നും പരിശോധിക്കുമെന്ന് സിബിഐ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല