1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

 ബാബു വേതാനി

രണ്ടാനച്ഛന്റെ പീഡനംസഹിക്കാതെ വീട്ടില്‍നിന്നും ഒളിച്ചോടുമ്പോള്‍ രവിക്ക് ഏഴുവയസായിരുന്നു. ആ യാത്ര അവസാനിച്ചത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും സ്വപ്‌നനഗരിയുമായ മുംബൈയില്‍ ആയിരുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യവും ജോലിയും സ്വപ്‌നംകണ്ട് രവി ഇന്നും അവിടെത്തന്നെയാണ്. പക്ഷേ ഉപജീവനമാര്‍ഗ്ഗത്തിന് അവന്‍ കണ്ടുപിടിച്ച ജോലി അത്ര സുഖപ്രദമായ ഒന്നായിരുന്നില്ല. റെയില്‍വേട്രാക്കില്‍ വീണുമരിക്കുന്നവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്ന ആ ജോലിയില്‍ അവനെ സഹായിക്കാന്‍ പക്ഷെ സമാനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടുകൂട്ടുകാര്‍ കൂടിയുണ്ട്. റെയില്‍വേട്രാക്ക് മുറിച്ചുകടക്കുമ്പോള്‍ ട്രയിന്‍തട്ടി മരിക്കുന്നവരുടെ സംഖ്യ മുംബൈയില്‍ മാത്രം 6000 ല്‍ അധികംവരും. ഇന്ത്യ ഒട്ടാകെയാണെങ്കില്‍ 15000 ല്‍പ്പരമാകും. കുത്തിനിറയ്ക്കപ്പെട്ട ട്രയിനുകളുടെ ചവിട്ടുപടിയില്‍ നിന്നും തെറിച്ചുവീണും ട്രാക്കിന്റെ അരികിലുള്ള കമ്പികളില്‍ തലയിടിച്ചും മരിക്കുന്നവരുടെ എണ്ണം ഇതുകൂടാതെ 1500 ല്‍ അധികം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

ചതഞ്ഞരഞ്ഞ മൃതദേഹങ്ങളുടെ ദുഗന്ധത്തില്‍നിന്നും രക്ഷനേടാന്‍ ഫോര്‍മാലിന്‍ മുക്കിയ തുണി മൂക്കില്‍ തിരുകിയാണ് രവി ജോലിയില്‍ വ്യാപൃതനാകുന്നത്. ഒരുദിവസം മൂന്നുകുപ്പി ഫോര്‍മാലിന്‍ വരെ ഇങ്ങനെ മണത്തുതീര്‍ക്കാറുണ്ടെന്ന് രവി പറയുന്നു. റെയില്‍വേ സ്റ്റേഷന്റെ പരിസരത്ത് വീണു മരിക്കുന്നവരുടേയോ പരിക്കേല്‍ക്കുന്നവരുടേയോ ശരീരം നീക്കംചെയ്യുന്നതിന് ഇരട്ടിക്കൂലിയുണ്ട്. ആ തുക ഒരു മൃതദേഹത്തിന് 150 രൂപയോളംവരും. അസത്യവും അറപ്പുളവാക്കുന്നതുമായ ഈ ജോലി ആദ്യമൊക്കെ ഒരു പേടിസ്വപ്‌നമായിരുന്നുവെങ്കിലും ഇപ്പോള്‍ നിത്യജീവിതത്തിന്റെ ഭാഗമായി എന്നാണ് രവി പറയുന്നത്. റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളും അന്തിയുറങ്ങാനുള്ള അധികാരികളുടെ മൗനാനുവാദം ആണ് ഈ ജോലിയില്‍ നിന്നും ലഭിക്കുന്ന മറ്റൊരു വലിയ ആനുകൂല്യം. ആയിരക്കണക്കിനു കുട്ടികളാണ് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ഭാഗ്യാന്വേഷികളായി ദിവസവും സ്വപ്‌നനഗരമായ മുംബൈയില്‍ എത്തിച്ചേരുന്നത്.

 

ഇതില്‍ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും സെക്‌സ് റാക്കറ്റിന്റെ കൈകളിലാകും എത്തിച്ചേരുക. അതുകൊണ്ടുതന്നെ സ്റ്റേഷന്‍ പരിസരത്ത് അലഞ്ഞുതിരിയുന്നവരില്‍ ആണ്‍കുട്ടികളെ മാത്രമാകും കൂടുതല്‍പേരുടേയും കണ്ണില്‍പ്പെടുക. ഇങ്ങനെ എത്തിപ്പെടുന്നവരുടെ അവസാനത്തെ അത്താണിയാണ് രവിയെപ്പോലുള്ളവര്‍ ചെയ്യുന്ന ജോലികകള്‍. ഈന്ത്യയിലാകെ ആയിരക്കണക്കിനുപേര്‍ക്ക് അനധികൃതമായി ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടുകഴിയുന്നുവെന്നാണ് റെയില്‍വേയില്‍ ഉന്നതചുമതല വഹിക്കുന്ന ശ്രീമതി മൃണാളിനി റാവുവില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. 20 വയസ് പ്രായമുള്ള ഹരീഷിന്റെ വാക്കുകളില്‍ വീട്ടിലെ കൊടിയ പീഡനമാണ് എന്നെ ഇവിടെ എത്തിച്ചത്. സ്വപ്‌നം കണ്ടതൊന്നുമല്ല, മുംബൈ എനിക്കുനല്കുയത്…. പക്ഷെ സ്വപ്‌നങ്ങള്‍ കാണാന്‍ ആരുടേയും അനുവാദമില്ലല്ലോ…..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.