സ്വന്തം ലേഖകന്‍: യുകെയില്‍ യാത്രക്കാരെ വലച്ച് ശക്തമായ കാറ്റും മഴയും; റോഡ്, റെയില്‍ ഗതാഗതം താറുമാറായി. കഴിഞ്ഞ ദിവസം നിരത്തുകളില്‍ തിരക്കേറിയ സമയത്ത് നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കില്‍ കുടുങ്ങിയത്. യുകെയുടെ വടക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും രാവിലെ ഒമ്പത് മണിയോടെ മഴയുണ്ടാകുമെന്ന യെല്ലോ വാണിംഗ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം തുടങ്ങിയ മഴയും കാറ്റും ഇന്നും തുടരുമെന്നാണ് പ്രവചനം. സൗത്ത് വെയില്‍സ്, സതേണ്‍, വെസ്റ്റേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേ ട്രെയിനുകള്‍ സാധാരണത്തേതിലും വളരെ പതുക്കെയാണ് സര്‍വീസ് നടത്തിയത്. നെറ്റ് വര്‍ക്ക് റെയില്‍ ട്രെയിനുകള്‍ക്ക് വേഗതാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികൂലമായ കാലാവസ്ഥ പരിഗണിച്ച് നോര്‍ത്തേണ്‍ റെയില്‍ നെറ്റ് വര്‍ക്കില്‍ വ്യാപകമായ തടസങ്ങള്‍ ഉണ്ടായിരുന്നു. സെന്‍ട്രല്‍ ഇംഗ്ലണ്ടില്‍ സര്‍വീസുകള്‍ തടസപ്പെട്ടേക്കുമെന്ന് നാഷണല്‍ റെയില്‍ മുന്നറിയിപ്പു നല്‍കി. ഡിഡ്‌കോട്ട് പാര്‍ക്ക് വേ സ്റ്റേഷനില്‍ ഒരടിയോളം വെള്ളം ഉയര്‍ന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും ജലം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് ഓള്‍ഡ് ഫയര്‍ സ്റ്റേഷന്‍ ആര്‍ട്‌സ് സെന്ററില്‍ നിന്നും നൂറോളം യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
കാറ്റ് ശക്തമായതിനെ തുടര്‍ന്ന് ഈസിജെറ്റ് 48 വിമാനങ്ങളാണ് റദ്ദാക്കിയത്. ഗാത്വിക്കില്‍ നിന്നും പുറപ്പെടേണ്ടതും ഇവിടേക്ക് വരേണ്ടതുമായ വിമാനങ്ങളാണ് റദ്ദാക്കിയിരുന്നത്. ചില അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് ബെര്‍ലിന്‍, ബുഡാപെസ്റ്റ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. കാത്തിരുന്ന് മടുത്ത യാത്രക്കാരില്‍ ചിലര്‍ തങ്ങളുടെ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല