പാകിസ്താന്റെ 25-ാമത് പ്രധാനമന്ത്രിയായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി.) നേതാവ് രാജാ പര്‍വേസ് അഷ്‌റഫ് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്‍റിന്റെ അധോസഭയായ ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പില്‍ അഷ്‌റഫിന് 211 വോട്ടുകിട്ടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി പാകിസ്താന്‍ മുസ്‌ലിംലീഗിലെ (നവാസ്) സര്‍ദാര്‍ മെഹ്ത്താബ് അഹമ്മദ്ഖാന്‍ അബ്ബാസിക്ക് 89 വോട്ടേ കിട്ടിയുള്ളൂ.
വൈദ്യുതിമന്ത്രിയായിരുന്ന കാലത്തെ അഴിമതിയുടെ പേരില്‍ അന്വേഷണം നേരിടുന്നയാളാണ് അഷ്‌റഫ്. കടുത്ത ഊര്‍ജപ്രതിസന്ധിയും പവര്‍ക്കട്ടുംകൊണ്ട് വലയുന്ന രാജ്യത്തെ പ്രശ്‌നപരിഹാരത്തിന് ഒന്നും ചെയ്യാനായില്ലെന്ന വിമര്‍ശനവും അദ്ദേഹത്തിന് നേരിടേണ്ടിവന്നു.
കോടതിയലക്ഷ്യക്കേസില്‍ യൂസഫ് റാസാ ഗീലാനിയെ ചൊവ്വാഴ്ച സുപ്രീംകോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് പാകിസ്താനിലെ പ്രധാനമന്ത്രിപദം ഒഴിഞ്ഞുകിടന്നത്. മുതിര്‍ന്ന നേതാവ് മഖ്ദൂം ഷഹാബൂദ്ദീനെ പ്രധാനമന്ത്രിയായി നിര്‍ദേശിക്കാന്‍ വ്യാഴാഴ്ച ഭരണകക്ഷി തീരുമാനിച്ചു. അതിനു പിന്നാലെ മരുന്നിടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അദ്ദേഹത്തിനെതിരെ അറസ്റ്റുവാറന്‍റ് വന്നു. ഇതേത്തുടര്‍ന്ന് ഷഹാബുദ്ദീനെ പിന്‍വലിക്കാനും ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്ന അഷ്‌റഫിനെ പ്രധാനമന്ത്രിയാക്കാനും പി.പി.പി. തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല