സ്വന്തം ലേഖകന്‍: രാജമൗലിയുടെ മഹാഭാരത്തില്‍ രജനീകാന്തും മോഹന്‍ലാലും ആമിര്‍ഖാനും ഒരുമിക്കുമോ?. ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായി മാറിയ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ക്കും ശേഷം സംവിധായകന്‍ എസ്എസ് രാജമൗലി മഹാഭാരതത്തിന്റെ ചലച്ചിത്ര ഭാഷ്യത്തിന് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ബാഹുബഹി രണ്ടാം ഭാഗത്തിന്റെ അവസാനവട്ട മിനുക്കു പണികളില്‍ തിരക്കിലായതിനാല്‍ തന്റെ മഹാഭാരത ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് മറ്റൊന്നും രാജമൗലി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സിനിമ പ്രേമികളെ ആവേശം കൊള്ളിക്കുന്ന പുതിയ റിപ്പോര്‍ട്ട് പറയുന്നത് മോഹന്‍ലാല്‍, ആമിര്‍ഖാന്‍, രജനീകാന്ത് എന്നിവര്‍ മഹാഭാരതത്തില്‍ ഒന്നിക്കുമെന്നാണ്. ബോളിവുഡ് ലൈഫാണ് ഇന്ത്യന്‍ സിനിമയിലെ മൂന്നു മഹാരഥന്മാര്‍ രാജമൗലിക്കുവേണ്ടി ഒന്നിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രത്തില്‍ ഏത് കഥാപാത്രങ്ങളെയാണ് മൂവരും അവതരിപ്പിക്കുക എന്ന കാര്യത്തില്‍ രാജമൗലി തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഹുബലി 2വിന്റെ ചിത്രീകരണം നടക്കുന്നത് കൊണ്ട് തന്നെ രാജമൗലി തിരക്കിലാണ്. എങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിനെ സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാഭാരതം സിനിമയാക്കുമ്പോള്‍ കൃഷ്ണന്‍, ദുര്യോധനന്‍, ഭീമന്‍, അര്‍ജുനന്‍, കര്‍ണ്ണന്‍ അങ്ങനെ ഒരുപാട്‌പേര്‍ വേണ്ടിവരുമെന്നും ഇവരെ കണ്ടെത്തുക എന്നത് പ്രയാസകരമാണെന്നും രാജമൗലി നേരത്തേ പ്രതികരിച്ചിരുന്നു. അന്ന് കൃഷ്ണനായി അഭിനയിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ച് ആമിര്‍ഖാന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. രാജമൗലി ഒന്നും പ്രതികരിച്ചിരുന്നില്ലെങ്കിലും താമസിയാതെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല