ബാംഗ്ലൂരില്‍ ബസ് കണ്ടക്ടറായി ജീവിതം തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കിയ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ജീവിതം സിനിമയാകുന്നു. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവും നടനുമായ അതുല്‍ അഗ്‌നിഹോത്രിയാണ് തമിഴ് സിനിമയിലെ കിരീടം വെക്കാത്ത രാജാവായ രജനീകാന്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനൊരുങ്ങുന്നത്. രജനീകാന്തായി അഭിയനയിക്കാന്‍ അതുല്‍ തിരഞ്ഞെടുത്തിരിക്കുന്നത് ബോളിവുഡിലെ സൂപ്പര്‍താരം സാക്ഷാല്‍ സല്‍മാന്‍ ഖാനെയാണ്.
ഈ ആവശ്യവുമായി അതുല്‍ സമീപിച്ചെങ്കിലും ഹാട്രിക് വിജയത്തോടെ ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച സല്‍മാന്‍ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. സിനിമാ കഥകളെ പോലും വെല്ലുന്ന ജീവിത കഥയാണ് രജനീകാന്തിന്‍േറത്. അതുകൊണ്ടുതന്നെ ലോകം മുഴുവന്‍ ആരാധിക്കുന്ന അദ്ദേഹത്തിന്റെ ജീവിത കഥ സിനിമയാക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് നിര്‍മാതാവ് അതുല്‍ അഗ്‌നിഹോത്രി പറഞ്ഞു.
പക്ഷേ, ഇപ്പോള്‍ ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ അനുവാദമില്ലാതെ സിനിമ നിര്‍മിക്കില്ലെന്ന് അതുല്‍ പറയുന്നു. രജനീകാന്തിന്റെ അനുവാദവും സഹകരണവും ഞങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നു. ഈ സിനിമ ചെയ്യാന്‍ ഏറ്റവും യോജിച്ച നടന്‍ സല്‍മാനാണ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അതുല്‍ അഗ്‌നിഹോത്രി പറയുന്നു. സിനിമാരംഗത്തെ ഒരു സുഹൃത്താണ് രജനീകാന്തിന്റെ ജീവിതം സിനിമയാക്കാനുള്ള ആശയം അതുലിനെ അറിയിച്ചത്. പ്രമുഖ പരസ്യചിത്ര നിര്‍മാതാവായ ലിയോഡ് ബാപ്പിസ്റ്റയെ ചിത്രത്തിന്റെ സംവിധായകനായും നിശ്ചയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല