സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ രജനിയ്ക്ക് ഡയാലിസിസ് ചികിത്സ തുടരുകയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ സൂചിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധക്കും ചികിത്സ തുടരുന്നുണ്ട്. അതിനിടെ രജനിയെ തീവ്രപരിചാരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
രജനി ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്നും ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും മരുമകനും ചലച്ചിത്രനടനുമായ ധനുഷ് പറഞ്ഞു. ഭാര്യ ലത , മക്കളായ സൗന്ദര്യ, ഐശ്വര്യ എന്നിവര്‍ രജനീകാന്തിന്റെ കൂടെയുണ്ട്.
കഴിഞ്ഞ 13നാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് രജനീകാന്തിനെ ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ വൃക്കകള്‍ക്കും തകരാറുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്ചയിലേറെ ചെന്നൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു.
വിദഗ്ധചികിത്സക്കായി രണ്ടുദിവസം മുമ്പാണ് രജനീകാന്തിനെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്. താരത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിയ്ക്കാനും തരപ്പെട്ടാല്‍ ഒന്നു കാണാനുമായി ആരാധകര്‍ സിംഗപ്പൂരിലെ ആശുപത്രിയിലും എത്തുന്നുണ്ട്. അതേ സമയം തമിഴ്‌നാട്ടിലെ രജനി ആരാധകര്‍ പ്രാര്‍ഥനയിലും പൂജകളിലും മുഴുകിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല