മമ്മൂട്ടിയുടെ ‘വെനീസിലെ വ്യാപാരി’യും മോഹന്‍ലാലിന്‍റെ ‘ഒരു മരുഭൂമിക്കഥ’യും തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇരുചിത്രങ്ങളെപ്പറ്റിയും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ സിനിമകള്‍ വന്നതോടെ ‘ബ്യൂട്ടിഫുള്‍’ പോലെയുള്ള നല്ല സിനിമകളുടെ സ്ഥിതി കുഴപ്പത്തിലായി. മരുഭൂമിക്കഥയ്ക്കും വ്യാപാരിക്കും വേണ്ടി ബ്യൂട്ടിഫുളിനെ തിയേറ്ററുകളില്‍ നിന്ന് ഓടിച്ചതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ മരുഭൂമിക്കഥയും വ്യാപാരിയും മികച്ച സിനിമകളല്ലെന്ന അഭിപ്രായം വ്യാപിച്ചതോടെ രണ്ടാം വാരം ഇവയുടെ ബോക്സോഫീസ് പ്രകടനം എങ്ങനെയാകുമെന്ന ആശങ്കയിലാണ് മലയാള സിനിമാലോകം. അതിനിടെ, വിക്രം നായകനായ തമിഴ് ചിത്രം ‘രാജപാതൈ'(Rajapattai) ഈ വെള്ളിയാഴ്ച കേരളത്തിലും റിലീസ് ചെയ്യുകയാണ്.
കേരളത്തിലെ നൂറോളം കേന്ദ്രങ്ങളില്‍ രാജപാതൈ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്‍റെ പേരില്‍ മലയാളത്തിലെ ബിഗ് ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ വൈകുകയാണ്. അതേസമയത്താണ്, വിക്രം ചിത്രം കേരളത്തില്‍ സൂപ്പര്‍താര സിനിമകളെ വിഴുങ്ങാനായി എത്തുന്നത്.
സിനിമയില്‍ വില്ലനാകാന്‍ ആഗ്രഹിച്ചുനടക്കുന്ന ജിംനേഷ്യം ട്രെയിനര്‍ അനല്‍ മുരുകന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം രാജപാതൈയില്‍ അവതരിപ്പിക്കുന്നത്. വെണ്ണിലാ കബഡിക്കുഴു, നാന്‍ മഹാന്‍ അല്ലൈ, അഴകര്‍സ്വാമിയിന്‍ കുതിരൈ എന്നീ സിനിമകള്‍ക്ക് ശേഷം സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദീക്ഷാ സേത്ത് ആണ് നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല