സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ജോലികള്‍ക്ക് സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാറുകള്‍ എട്ട് ദിവസമായി നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ ഗുജ്ജാറുകള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഗുജ്ജാറുകള്‍ സമരം അവസാനിപ്പിച്ചത്.
സര്‍ക്കാര്‍ ജോലിക്ക് ഗുജ്ജാര്‍ വിഭാഗത്തിന് അഞ്ച് ശതമാനം സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 21 നാണ് പ്രക്ഷോഭം തുടങ്ങിയത്. ഡല്‍ഹി, മുംബൈ റയില്‍ പാതയും ജയ്പൂര്‍, ആഗ്ര ദേശീയ പാതയും സംസ്ഥാന പാതകളും ഉപരോധിച്ചു കൊണ്ടുള്ള പ്രക്ഷോഭം ദേശീയ ശ്രദ്ധ നേടിയിരുന്നു.
ഗുജ്ജാര്‍ നേതാക്കളുമായി നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ലിമെന്ററികാര്യ മന്ത്രി രാജേന്ദ്ര സിംഗ് ആണ് സംവരണം അനുവദിക്കുന്ന ബില്‍ സഭയില്‍ അവതരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയത്. സര്‍ക്കാര്‍ ജോലികളില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് അമ്പത് ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന ചട്ടം ലംഘിക്കാതെയാണ് ഗുജ്ജാറുകളുടെ കാര്യം പരിഗണിക്കുക.
ഗുജ്ജാര്‍ പ്രക്ഷോഭം ശക്തമായ മേഖലയില്‍ റെയില്‍, റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് രാജസ്ഥാന്‍ സര്‍ക്കാറിനെ സഹായിക്കുന്നതിനായി 4,500 അര്‍ധസൈനികരെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രക്ഷോഭം ശക്തമായ പ്രദേശങ്ങളില്‍ റെയില്‍ ഗതാഗതം സാധാരണ നിലയിലാക്കുന്നതിനായി പതിനെട്ട് കമ്പനി അതിര്‍ത്തിരക്ഷാ സേനയെയാണ് (ബിഎസ്എഫ്) അയക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ഗുജ്ജാറുകള്‍ നടത്തുന്ന ട്രെയിന്‍ തടയല്‍ സമരത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടിയതിനു പിന്നാലെയാണ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറായത്. സംസ്ഥാനത്തെ റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല