സ്വന്തം ലേഖകന്‍: പശുവിനെ ദേശീയ മൃഗമാക്കണം, ഒപ്പം ഗോവധക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം, വിവാദ വിധി പുറപ്പെടുവിച്ച് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി, ദേശീയ പക്ഷിയായ മയില്‍ ബ്രഹ്മചാരിയാണെന്നും പരാമര്‍ശം. ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ അധ്യക്ഷനായ ബെഞ്ചാണ് പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും നിര്‍ദേശിച്ചത്.
ജയ്പൂരിലെ ഹിന്‍ഗോനിയ ഗോശാലയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജാഗോ ജനത സൊസൈറ്റി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിധി വിവാദമായതിനു പുറമെ ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ കൂടുതല്‍ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തി. താന്‍ ഒരു ശിവഭക്തനാണെന്നും ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും വിധിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘മുപ്പത്തിമൂന്ന് കോടി ദേവീദേവന്‍മാര്‍ പശുവിനുള്ളില്‍ വസിക്കുന്നെന്നാണ് വിശ്വാസം.. ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു,’ ജസ്റ്റിസ് ശര്‍മ പറയുന്നു. ‘ഹൈന്ദവ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം പശുവാണ്. ഇക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് നിര്‍ദേശം നല്‍കിയത്. നേപ്പാള്‍ പോലും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി അടുത്തയിടെ ഗംഗാ, യമുനാ നദികള്‍ക്ക് വ്യക്തി പദവി നല്‍കിയിരുന്നു.
സമാനമായ പദവി പശുവിനും നല്‍കണം,’ ജസ്റ്റിസ് ശര്‍മ വിശദമാക്കി.
നാല് വേദങ്ങളും മഹാഭാരതവും രാമായണവും ഉള്‍പ്പെടെയുള്ള പുണ്യഗ്രന്ഥങ്ങള്‍ പശുവിന്റെ മഹത്വം വ്യക്തമാക്കുന്നതിനായി വിധിന്യായത്തില്‍ ഉദ്ധരിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് വെളിപ്പെടുത്തി. രാജസ്ഥാനില്‍ പുറപ്പെടുവിച്ചിരിക്കുന്ന വിധി മറ്റു സംസ്ഥാനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റിസ് ശര്‍മ പറഞ്ഞു. ബുധനാഴ്ച വിരമിക്കുന്ന ജ്സ്റ്റിസ് മഹേഷ് ചന്ദ് ശര്‍മയുടെ അവസാനത്തെ വിധിന്യായമായിരുന്നു ഇത്.
ദേശീയപക്ഷിയായ മയില്‍ ബ്രഹ്മചാരിയാണെന്ന് ന്യൂസ്18 അഭിമുഖത്തില്‍ ജസ്റ്റിസ് ശര്‍മ പറഞ്ഞതും സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയായി. മയിലുകള്‍ ഇണചേരുകയില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നതെന്നുമാണ് ശര്‍മ തട്ടിവിട്ടത്. ഇതിനാലാണ് കൃഷ്ണന്‍ മയില്‍പീലി തലയില്‍ ചൂടിയിരുന്നതെന്നും ജസ്റ്റിസ് ശര്‍മ കൂട്ടിച്ചേര്‍ത്തു. എന്തായാലും ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളില്‍ ട്രോളന്മാര്‍ക്ക് ചാകരയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല