സ്വന്തം ലേഖകന്‍: ഐപിഎല്‍ കോഴ വിവാദം ഉണ്ടാക്കിയ ക്ഷീണത്തില്‍ നിന്ന് മെല്ലെ കര കയറുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഇരിട്ടടിയായി വീണ്ടും ഒത്തുകളി വിവാദം. ഒത്തുകളിക്കായി നല്ലൊരു തുകയുടെ വാഗ്ദാനം ലഭിച്ചതായി രാജസ്ഥാന്‍ റോയല്‍സ് ടീമിലെ ഒരു താരം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി നല്‍കി.
രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കുന്നതിനിടെ ഒരു സഹകളിക്കാരനാണ് ഐപിഎല്ലില്‍ ഒത്തുകളിക്കുകയാണെങ്കില്‍ മികച്ച പ്രതിഫലം വാങ്ങിത്തരാമെന്ന വാഗ്ദാനവുമായി തന്നെ സമീപിച്ചതെന്നാണ് മൂംബൈക്കാരനായ രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ റിപ്പോര്‍ട്ട്.
ഇത്തവണത്തെ ഐപിഎല്ലില്‍ പങ്കാളിയല്ലാത്ത ഈ സഹതാരത്തിന്റെ വാഗ്ദാനം നിരസിച്ച രാജസ്ഥാന്‍ റോയല്‍സ് ടീം അംഗം വിവരം ടീം മാനേജ്‌നെന്റിനെ അറിയിക്കുകയും തുടര്‍ന്ന് ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി യൂണിറ്റിന് വിവരം ഔദ്യോഗികമായി കൈമാറുകയും ചെയ്യുകയായിരുന്നു എന്നാണ് സൂചന.
കോഴ വാഗ്ദാനം റിപ്പോര്‍ട്ട് ചെയ്ത താരത്തെ പിന്നീട് ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. രഞ്ജി മത്സരത്തിനിടെ താനുമായി മുറി പങ്കിട്ട സഹകളിക്കാരനാണ് ഇത്തരമൊരു വാഗ്ദാനം നടത്തിയതെന്നും ഇതൊരു തമാശയായാണ് താന്‍ ആദ്യം കണ്ടതെന്നും പിന്നീട് ഒത്തുകളിക്കുകയാണെങ്കില്‍ ലഭിക്കാവുന്ന സാമ്പത്തികനേട്ടങ്ങളെ കുറിച്ച് സഹകളിക്കാരന്‍ വിശദമാക്കിയതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസലിക്കിയതെന്നും താരം മൊഴി നല്‍കി.
ഐപിഎല്‍ എട്ടാം സീസണിലെ പ്രഥമ മത്സരത്തിനായി രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കളത്തിലിറങ്ങാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ഐപിഎല്ലിനെ പിടിച്ചു കുലുക്കിയ ഒത്തുകളി വിവാദത്തിലകപ്പെട്ട ടീമുകളിലൊന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം ശ്രീശാന്ത് അടക്കമുള്ള രാജസ്ഥാന്‍ ടീം അംഗങ്ങള്‍ ഉള്‍പ്പെട്ട കേസിലും ഇടനിലക്കാരനായി ചിത്രീകരിക്കപ്പെട്ടത് ഒരു മുന്‍ താരമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല