സ്വന്തം ലേഖകന്‍: രണ്ടു ദിവസം മുമ്പുവരെ രാജേഷ് സാകര്‍ ഭോപ്പാലിലെ വെറുമൊരു ചായക്കടക്കാരന്‍ മാത്രമായിരുന്നു. ചായം കുടിച്ച് കടം പറയുകയും കാശ് കൊടുക്കാതെ മുങ്ങി നടക്കുന്ന പ്രദേശത്തെ വിരുതന്മാര്‍ മാത്രം പേടിക്കുന്ന ഒരു പാവത്താന്‍. എന്നാലിപ്പോള്‍ രാജേഷ് സാകര്‍ എന്ന പേരുകേട്ടാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലപ്പത്തിരിക്കുന്നവര്‍വരെ ഒന്നു ഞെട്ടും. വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു സാധാരണക്കാരന്‍ ബാങ്കിന്റെ ഗര്‍വിനെതിരെ പോരാടി ജയിച്ചതിന്റെ കഥയാണത്.
2011ല്‍ ബാങ്കിന്റെ ഭോപാല്‍ ശാഖയിലുള്ള തന്റെ അക്കൗണ്ടില്‍ നിന്ന് 9,200 രൂപ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. 20,000 രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്ന് സാകര്‍ 10,800 രൂപ ഒരാവശ്യത്തിന് വേണ്ടി പിന്‍വലിച്ചിരുന്നു. എന്നാല്‍ അടുത്ത തവണ എടിഎമ്മില്‍ എത്തിയപ്പോഴാണ് തന്റെ അകൗണ്ടില്‍ കാശൊന്നും അവശേഷിക്കുന്നില്ലെന്ന് അറിയുന്നത്.
സമീപത്തുള്ള ബാങ്കിന്റെ ശാഖയില്‍ അന്വേഷണവുമായി എത്തിയ സാകറിനോട് പതിവുപോലെ ധിക്കാരത്തോടെയായിരുന്നു ബാങ്ക് ഓഫീസര്‍മാരുടെ സമീപനം. പ്രശ്‌നത്തിന്റെ പേരില്‍ സാകറിനെ കുറ്റപ്പെടുത്തുകയും മെക്കിട്ടുകയറുകയും ചെയ്തു അവര്‍. എന്നാല്‍ മറ്റുള്ളവരെപ്പോലെ പിന്മാറാന്‍ ഒരുക്കമല്ലാതിരുന്ന സാകര്‍ ബാങ്കിന്റെ മുംബൈ ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ സമീപിച്ചു. എന്നാല്‍ ബാങ്കിന്റെ തലപ്പുത്തുള്ളവരും കൈല്‍മലര്‍ത്തിയതോടെയാണ് രണ്ടും കല്‍പ്പിച്ചു സാകര്‍ ബാങ്കിനെതിരെ നിയമപോരാട്ടത്തിനിറങ്ങുന്നത്.
സാകര്‍ നേരെ പോയത് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലേക്കാണ്.
ഒരു വക്കീലിനെ വെക്കാനുള്ള പണമൊന്നും സാകറിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്വയം വാദിക്കാന്‍ തീരുമാനിച്ച സാകര്‍ ബാങ്കിന്റെ വക്കീലുമാരോട് നിയമയുദ്ധം തന്നെ നടത്തി. പണം സാകര്‍ തന്നെ എടുത്തതാണെന്ന വാദത്തില്‍ ഉറച്ചു നിന്ന ബാങ്കിന് പക്ഷെ അവരുടെ വാദങ്ങള്‍ തെളിയിക്കാന്‍ സിസി ടിവി ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഇല്ലായിരുന്നു. ഒരു ഡസനോളം ഹിയറിങ്ങുകള്‍ക്കൊടുവില്‍ നിയമ പോരാട്ടത്തില്‍ സാകര്‍ ജയിക്കുകതന്നെ ചെയ്തു.
ഇക്കഴിഞ്ഞ ജൂണ്‍ 16 ന് സാകറിന് അനുകൂലമായി ഉപഭോക്തൃ കോടതി വിധി പറഞ്ഞു. രണ്ട് മാസത്തിനകം സാകന്റെ കാണാതായ 9,200 രൂപ 6% പലിശയടക്കം മടക്കിക്കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. ഇത് കൂടാതെ ഉപഭോക്താവിനുണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് 10,000 രൂപയും 2,000 രൂപ കോടതി ചെലവ് ഇനത്തില്‍ കെട്ടിവക്കാനും കോടതി ബാങ്കിനോട് ആവശ്യപ്പെട്ടു.
എന്തായാലും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ഒരു സാധാരണക്കാരന്റെ ഇച്ഛാശക്തിക്കു മുന്നില്‍ മുട്ടുമടക്കിയത് സോഷ്യല്‍ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി. രാജേഷ് സാകര്‍ എന്ന ചായക്കടക്കാരന്‍ സാധാരണക്കാര്‍ക്കിയില്‍ താരവും. പ്രത്യേകിച്ചും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യപോലുള്ള ഭീമന്‍ ബാങ്കുകളില്‍ നിന്ന് ഒരിക്കലെങ്കിലും കയ്‌പേറിയ ഒരു അനുഭവം എല്ലാം പാവപ്പെട്ടവര്‍ക്കും ഉണ്ടായിട്ടുണ്ടാകും എന്നുള്ളത് ഒരു വസ്തുത ആയതിനാല്‍ സാകറിന്റെ കഥ ഒരു ഗുണപാഠ കഥ കൂടിയാണ്. ബാങ്കുകള്‍ സേവനം എന്ന മേഖലയില്‍ നിന്ന് ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി മാറുകയും പണക്കാര്‍ക്കു മാത്രം കടന്നു ചെല്ലാവുന്ന ഇടങ്ങളായി വേര്‍തിരിക്കപ്പെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല