സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധി വധക്കേസ്, പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി. വധശിക്ഷ ജീവപര്യന്തമായി കുറച്ചവരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മോചിപ്പിക്കാനാകില്ലെന്ന മുന്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെടുകയും തുടര്‍ന്ന് ജീവപര്യന്തം ശിക്ഷയാക്കി കുറക്കുകയും ചെയ്ത പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച്. മുന്‍ ഉത്തരവുകള്‍ റദ്ദാക്കുന്നതിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും വിശദമായ വാദം പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ 2014 ഫെബ്രുവരി 14 നാണ് സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചത്. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാര്‍ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ അന്വേഷിച്ച കേസാണ് രാജീവ് ഗാന്ധി വധക്കേസ്. പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ടത് രാജ്യദ്രോഹ കുറ്റവും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ്. അതിനാല്‍ ഇവര്‍ക്ക് വിടുതല്‍ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.
കേസ് ഫയലില്‍ സ്വീകരിച്ച കോടതി ഇക്കാര്യത്തിലെ ഭരണഘടന പ്രതിസന്ധി പരിശോധിക്കാന്‍ അഞ്ചംഗ ബെഞ്ചിന് കേസ് വിടുകയും തീരുമാനമാകും വരെ ജീവപര്യന്തത്തിന് വിധിക്കപ്പെട്ട പ്രതികളെ വിട്ടയക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല