ബോഫോഴ്‌സ് ആയുധ ഇടപാടില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്ക് കോഴ ലഭിച്ചതായി അറിയില്ലെന്ന് സ്വീഡിഷ് മുന്‍ സൈനിക മേധാവി സ്‌റ്റെന്‍ ലിന്‍ഡ്‌സ്‌ട്രോം. എന്നാല്‍ ആയുധ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒക്ടാവിയ ക്വത്‌റോച്ചിയെ രാജീവ് ഗാന്ധി സംരക്ഷിച്ചുവെന്നും ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു. ബോഫോഴ്‌സ് ആയുധ ഇടപാടില്‍ സ്വീഡന്റെ മുന്‍ പ്രധാനമന്ത്രി ഒളോഫ് പാമക്കിനും രാജീവ് ഗാന്ധിയ്ക്കും കോഴ ലഭിച്ചതായി അറിയില്ല. എന്നാല്‍ ഇടപാടില്‍ എന്താണ് നടന്നതെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു.
കേസില്‍ ക്വത്‌റോച്ചിയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടായിരുന്നിട്ടും അയാളെ സംരക്ഷിക്കാനാണ് രാജീവ് ഗാന്ധി ശ്രമിച്ചത്. കേസില്‍ നിരപരാധികളാണ് ശിക്ഷിക്കപ്പെട്ടത്. സ്വീഡനിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ നടന്നത്.കേസില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് യാതൊരു പങ്കുമില്ലെന്നും ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു. കേസിലേയ്ക്ക് ബച്ചന്റെ പേര് വലിച്ചിഴച്ചത് ഇന്ത്യന്‍ അന്വേഷണോദ്യോഗസ്ഥരാണെന്നും ലിന്‍ഡ്‌സ്‌ട്രോം ഒരു സ്വീഡിഷ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് ബോഫോഴ്‌സ് ആയുധ ഇടപാട് നടന്നത്. മുന്‍പ് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ഇന്ത്യന്‍ പത്ര പ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യത്തിന് കൈമാറിയത് ലിന്‍ഡ്‌സ്‌ട്രോമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല