രോഗപ്രതിരോധ രംഗത്തു വിപ്ലവകരമായ കണ്ടുപിടിത്തത്തിലൂടെ ഇൌ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പങ്കിട്ട റാല്‍ഫ് സ്റ്റെയ്ന്‍മാന്‍ (68) മരണത്തിനു കീഴടങ്ങി. നാലുവര്‍ഷം മുന്‍പ് അര്‍ബുദബാധിതനായ സ്റ്റെയ്ന്‍മാന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ഇതറിയാതെ നൊബേല്‍ സമിതി ഇന്നലെ സ്റ്റെയ്ന്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു പുരസ്കാരം പ്രഖ്യാപിച്ചു.
അരനൂറ്റാണ്ടിനിടെ മരണാനന്തരം നൊബേല്‍ ലഭിക്കുന്ന ഏകവ്യക്തിയാണു സ്റ്റെയ്ന്‍മാന്‍. ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലായിരിക്കേ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഡാഗ് ഹാമര്‍ഷോള്‍ഡിനാണ് ഇതിനു മുന്‍പു മരണാനന്തരം നൊബേല്‍ (1961) നല്‍കിയത്. പ്രഖ്യാപനശേഷം നിര്യാണം സംഭവിച്ചാലൊഴികെ, മരണാനന്തരം നൊബേല്‍ നല്‍കേണ്ടതില്ലെന്ന് 1974ല്‍ പുരസ്കാരസമിതി തീരുമാനിക്കുകയും ചെയ്തിരുന്നു.
പുതിയ സാഹചര്യത്തില്‍ സ്റ്റെയ്ന്‍മാനുള്ള പുരസ്കാരവും തുകയും എങ്ങനെ കൈമാറുമെന്നതിനെക്കുറിച്ചു നൊബേല്‍ സമിതി പരിശോധിക്കുകയാണ്. ഇതേസമയം, പുരസ്കാര പ്രഖ്യാപനം പുനഃപരിശോധിക്കില്ല. കാനഡക്കാരനായ സ്റ്റെയ്ന്‍മാനു പുറമേ ബ്രൂസ് ബ്യൂട്ലര്‍ (യുഎസ്), ജൂല്‍സ് ഹോഫ്മാന്‍ (ലക്സംബര്‍ഗ്) എന്നിവരാണ് ഇൌ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ നേടിയത്.
മൊത്തം സമ്മാനത്തുകയായ ഒരുകോടി സ്വീഡിഷ് ക്രോണറിന്റെ (ഏഴരക്കോടിയോളം രൂപ) പകുതി സ്റ്റെയ്ന്‍മാനായിരുന്നു പ്രഖ്യാപിച്ചത്. ബാക്കി പകുതി ബ്യൂട്ലറും ഹോഫ്മാനും പങ്കുവയ്ക്കും. ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10നു സ്റ്റോക്കോമിലാണു പുരസ്കാരദാനം. ഉൌര്‍ജതന്ത്ര നൊബേല്‍ ഇന്നു പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല