സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റിന് എതിരെ പ്രതിഷേധവുമായി ലണ്ടന്‍ നഗരം ഇളക്കി മറിച്ച് പടുകൂറ്റന്‍ റാലി. ഹിതപരിശോധനയിലൂടെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചതിനെതിരെയാണ് ആയിരങ്ങള്‍ നിരത്തിലിറങ്ങിയത്. ലണ്ടനിലുടനീളം സംഘടിപ്പിച്ച റാലിയില്‍ ബ്രിട്ടന്‍ തുടരണമെന്നും യൂറോപ്യന്‍ യൂനിയനെ സ്‌നേഹിക്കുന്നുവെന്നുമുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് റാലിക്ക് ആഹ്വാനമുണ്ടായതും ആയിരങ്ങള്‍ ഒത്തുചേര്‍ന്നതും. യൂനിയന്‍ വിടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് 50 ആം വകുപ്പ് നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്ന് റാലിക്ക് നേതൃത്വം നല്‍കിയ കിരന്‍ മക്‌ദെര്‍മത് പറഞ്ഞു. പാര്‍ലമെന്റ് സമുച്ചയത്തിലേക്കും പാര്‍ക് ലെയ്‌നിലേക്കും നീണ്ട പ്രതിഷേധം ഹിതപരിശോധനാ ഫലം പുറത്തുവന്ന ശേഷമുള്ള ഏറ്റവും വലിയ ജനകീയ സമരമായി.
ബ്രിട്ടന്റെ തീരുമാനംമൂലമുണ്ടായ ആശയക്കുഴപ്പങ്ങള്‍ നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും എത്രയും പെട്ടെന്നു വിട്ടുപോകാനുള്ള നടപടിയുണ്ടാകണമെന്നുമാണ് ബെര്‍ലിനില്‍ യോഗം ചേര്‍ന്ന ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്‍ ഭരണഘടനയുടെ 50 ആം വകുപ്പു പ്രകാരം ഒരു രാജ്യം വിട്ടുപോകുമ്പോഴുള്ള നടപടിക്രമങ്ങള്‍ക്കു രണ്ടു വര്‍ഷമെടുക്കും. ഇതു വേഗത്തിലാക്കുകയാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം.
എന്നാല്‍ സ്‌കോട്ട്‌ലന്റ് ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധമുയര്‍ത്തിയതോടെ ബ്രിട്ടന്റെ പുറത്തുപോകല്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ലണ്ടന്‍ റാലിയോടെ ബ്രെക്‌സിറ്റിനെതിരെയുള്ള ജനവികാരം കൂടുതല്‍ ആളിക്കത്തുമെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല