സ്വന്തം ലേഖകൻ: കശ്മീരില്‍ നടക്കുന്ന മൂന്നാമത് ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ വിദേശപ്രതിനിധികള്‍ക്കൊപ്പം നാട്ടു നാട്ടു പാട്ടിന് ചുവടുവെച്ച് രാം ചരണ്‍. ഓസ്‌കര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പാട്ടിനൊപ്പം ചുവടുവെക്കാന്‍ രാം ചരണ്‍ കൊറിയന്‍ അംബാസിഡര്‍ ചാങ് ജെ ബോക്കിനെ സ്‌റ്റെപ്പുകള്‍ പഠിപ്പിക്കുന്ന വീഡിയോ ടൂറിസം മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു.
കശ്മീരിനെക്കുറിച്ചുള്ള ഓര്‍മകള്‍ രാം ചരണ്‍ യോഗ വേദിയില്‍ പങ്കുവെച്ചു. 1986 മുതല്‍ തനിക്ക് ഈ നാടുമായി ബന്ധമുണ്ടെന്ന് രാം ചരണ്‍ പറഞ്ഞു. ഗുല്‍മാര്‍ഗിലും സോനാമാര്‍ഗിലുമായി തന്റെ പിതാവ് ചിരഞ്ജീവി വളരേയധികം സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. 2016-ല്‍ തന്റെ ദ്രുവ ചിത്രീകരിച്ചത് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിലാണ്. കശ്മീര്‍ എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അറുപതിലേറെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര ഭരണപ്രദേശമായ കശ്മീരിലെ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രീഗറില്‍ ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം നടത്തിയത്. ജി20 ഷെര്‍പ്പ അമിതാഭ് കാന്ത്, കേന്ദ്ര സാംസ്‌കാരിക- ടൂറിസം വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡി, കേന്ദ്രമന്ത്രി ജിതേന്ദ്ര പ്രസാദ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല