സ്വന്തം ലേഖകന്‍: വീരപ്പന്‍ സൂപ്പര്‍ താരം രജനീ കാന്തിനെ റാഞ്ചാന്‍ പദ്ധതിയിട്ടിരുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ പുതിയ ചിത്രത്തില്‍ ഇതിന് സമാനമായ ഒരു രംഗം വര്‍മ്മ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 27 നാണ് വീരപ്പന്‍ വേട്ടയുടെ കഥ പറയുന്ന വീരപ്പന്‍ എന്ന ചിത്രം പുറത്തിറങ്ങുന്നത്. വര്‍മ്മയുടെ തന്നെ കന്നഡ ചിത്രമായ കില്ലിംഗ് വീരപ്പന്റെ ഹിന്ദി പതിപ്പാണ് വീരപ്പന്‍. കന്നഡ സൂപ്പര്‍താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വീരപ്പന്‍ അതുപോലെ തന്നെ രജനിയേയും തട്ടിക്കൊണ്ടു പോകാനായിരുന്നു പദ്ധതിയിട്ടതെന്നാണ് സൂചന. സിനിമക്കു വേണ്ടി വീരപ്പന്റെ ജീവിതത്തെക്കുറിച്ച് വര്‍മ്മ നിരവധി പഠനങ്ങള്‍ നടത്തിയിരുന്നു. അതിനിടയില്‍ വീരപ്പനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിച്ചതാണ് ഈ വിവരമെന്നാണ് വാര്‍ത്തകള്‍. വീരപ്പനുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും മനസ്സിലാക്കിയപ്പോള്‍ വിസ്മയിച്ച് പോയെന്നും തന്നെ ഏറെ ഞെട്ടിച്ചത് വീരപ്പന്‍ വധത്തിന് പിന്നിലെ നാടകമായിരുന്നു എന്നും വര്‍മ്മ തുറന്നു പറയുകയും ചെയ്തു. വീരപ്പന്റെ മുന്‍ സംഘാംഗങ്ങള്‍, സര്‍ക്കാരിനും തനിക്കും ഇടയില്‍ ഇടനിലക്കാരായി വീരപ്പന്‍ ഉപയോഗിച്ച ആള്‍ക്കാര്‍, വീരപ്പന്‍ വേട്ടയില്‍ പങ്കാളികളായ പോലീസുകാര്‍ എന്നിവരെല്ലാമായി നടത്തിയ അഭിമുഖത്തിന്റെയും മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നാടക നടനായ സന്ദീപ് ഭരദ്വാജാണ് ചിത്രത്തില്‍ വീരപ്പനായി എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല