സ്വന്തം ലേഖകൻ: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭത്തിന് വ്യാഴാഴ്ച തുടക്കമാകും. മാസപ്പിറ ദൃശ്യമാകാത്തതിനാല്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കിയാകും റംസാൻ വ്രതം ആരംഭിക്കുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വൃത്തങ്ങളാണ് ഇക്കാര്യമറിയിച്ചത്.
ഒമാനില്‍ നാളെ ശഅബാന്‍ 29 ആയതിനാല്‍ റംസാന്‍ വ്രതാരംഭം സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടില്ല. നാളെ മാസപ്പിറ ദൃശ്യമായാല്‍ ഒമാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം വ്യാഴാഴ്ചയാകും വ്രതാരംഭം. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാന്‍ വ്രതാരംഭം പ്രഖ്യാപിച്ചത്.
സൗദിയിൽ മുഴുവന്‍ വിശ്വാസികളോടും നഗ്ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ ചൊവ്വാഴ്ച റമസാന്‍ മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതിയെ അറിയിക്കാനും സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.
റമസാന്‍ മാസപ്പിറ നിരീക്ഷിക്കാന്‍ ഈ വര്‍ഷം വിപുലമായ സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത്. സുപ്രീം കോടതി സമിതി അംഗങ്ങളും തുമൈറിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിയിരുന്നു.
റമസാന്‍ മാസത്തിന്റെ തുടക്കത്തില്‍ കാലാവസ്ഥ മിതമായതായിരിക്കുമെന്നും വൈകുന്നേരങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ അഖില്‍ അല്‍-അഖീല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല