റംസാന് മുസ്ലീം കുട്ടികളെ വ്രതമെടുക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ക്ക് കത്ത് നല്‍കിയ ലണ്ടനിലെ പ്രൈമറി സ്‌കൂള്‍ വിവാദത്തില്‍. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കിഴക്കന്‍ ലണ്ടനിലെ ബാര്‍ക്‌ലെ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കത്ത് അയച്ചത്.
‘മുസ്ലീംഗങ്ങള്‍ക്ക് റംസാന്‍ പരമപ്രധാനമാണെന്ന ബോധ്യം സ്‌കൂളിനുണ്ട്. എന്നാല്‍, വിദഗ്ധാഭിപ്രായം തേടിയപ്പോള്‍ കുട്ടികള്‍ വൃതം അനുഷ്ഠിക്കണമെന്ന് ഇസ്ലാമിക നിയമത്തില്‍ പറയുന്നില്ല. അവര്‍ പ്രായപൂര്‍ത്തിയായ ശേഷം വ്രതമെടുത്താല്‍ മതിയെന്നാണ് ഇസ്ലാമിക നിയമം’ മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
ഇസ്ലാമിക നിയമത്തില്‍ പ്രായപൂര്‍ത്തി എന്നത് തര്‍ക്ക വിഷയമാണെങ്കില്‍ ആളുകളുടെ ആരോഗ്യത്തിനാണ് അത് പ്രാധാന്യം നല്‍കുന്നത്. നേരത്തെ വ്രതാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ച ചില കുട്ടികള്‍ തലകറങ്ങി വീഴുകയും ക്ലാസുകളില്‍ ഹാജരാകാന്‍ കഴിയാതെവരികയും ചെയ്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്.’.
‘ഇസ്ലാമിക് നിയമം അനുശാസിക്കുന്ന നയം തന്നെയാണ് സ്‌കൂളിന്റെയും നയം. കുട്ടികളുടെ ആരോഗ്യമാണ് ഞങ്ങള്‍ക്ക് പ്രധാനം. ആയതിനാല്‍, കുട്ടികള്‍ വ്രതമെടുക്കാന്‍ സ്‌കൂള്‍ അനുവദിക്കുന്നതല്ല. മുതിര്‍ന്ന കുട്ടികള്‍ക്ക് ആഴ്ച്ചാവസാനങ്ങളില്‍ വൃതമനുഷ്ഠിക്കാവുന്നതാണ്’.
എന്നാല്‍ മുസ്ലീം കമ്മ്യൂണിറ്റിയില്‍പ്പെട്ട ആളുകള്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കുട്ടികള്‍ വ്രതമെടുക്കണോ വേണ്ടയോ എന്നത് മാതാപിതാക്കളാണ് തീരുമാനിക്കേണ്ടത് എന്നും അതില്‍ സ്‌കൂള്‍ ഇടപെടേണ്ട കാര്യമില്ലെന്നുമാണ് മുസ്ലീം അസോസിയേഷന്‍ ഓഫ് ബ്രിട്ടണ്‍ പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല