സ്വന്തം ലേഖകൻ: റമസാൻ 2024-ൽ ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിഎഫ്എ) പുതിയ സംരംഭങ്ങൾ ആരംഭിച്ചു.
സന്ദർശകരുടെ പാസ്‌പോർട്ടുകളിൽ ബ്രാൻഡ് ദുബായ് രൂപകൽപന ചെയ്ത #RamadanInDubai ലോഗോയുള്ള പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കുകയും ഒപ്പം ദുബായിൽ താമസിക്കുന്ന സമയത്ത് തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കാൻ ഡു ടെലികോമുമായി സഹകരിച്ച് സൗജന്യ സിം കാർഡുകൾ വിതരണം നടത്തുകയും ചെയ്താണ് സഞ്ചാരികളെ ദുബായ് സ്വാഗതം ചെയ്യുന്നത്.
അതോടൊപ്പം ദുബായിലെ റമസാൻ’ പരിപാടിയിലേയ്ക്ക് പ്രവേശനം നേടുന്നതിന് സ്കാൻ ചെയ്യാവുന്ന ഒരു ക്യആർ കോഡ് ഉൾക്കൊള്ളുന്ന ഗൈഡും വിതരണം ചെയ്യുന്നുണ്ട്. ദുബായ് രാജ്യാന്തര വിമാനത്താവളങ്ങൾ കൂടാതെ കര, ജല അതിർത്തികൾ എന്നിവിടങ്ങളിൽ ഇത്തരത്തിൽ സംരംഭം നടപ്പിലാക്കുന്നുണ്ടെന്ന് വകുപ്പ് അറിയിച്ചു. റമസാൻ ഇൻ ദുബായ് (RamadanInDubai) ക്യാംപെയിനിന്റെ ഭാഗമായാണ് സംരംഭം.
ദുബായ് രണ്ടാം ഉപ ഭരണാധികാരി ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഈ ക്യാംപെയ്‌ൻ. നഗരത്തിലുടനീളം 20 ലേറെ ദുബായ് സ്ഥാപനങ്ങൾ ചേർന്നാണ് ഈ ക്യാംപെയിൻ നടത്തുന്നത്. റമസാൻ ആഘോഷങ്ങളുടെ സന്തോഷവും ആവേശവും നഗരവാസികൾക്കും സന്ദർശകർക്കും ഒരുപോലെ പകരുക എന്നതാണ് ലക്ഷ്യം.
റമസാനിൽ ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികൾ ആരംഭിച്ചത്. സന്ദർശകരെ ഹൃദയപൂർവം സ്വീകരിക്കുകയും ദുബായിലെ അവരുടെ താമസം കൂടുതൽ സന്തോഷപ്രദവും അവിസ്മരണീയവുമാക്കുക എന്നതുമാണ് ഇത്തരം സംരംഭങ്ങളുടെ പ്രധാന ലക്ഷ്യമെന്നു തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല