സ്വന്തം ലേഖകന്‍: മാസപ്പിറവി കണ്ടു, കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്. ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നും സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച ബലിപെരുന്നാള്‍ ആയിരിക്കും. കാപ്പാടാണ് പിറവി കണ്ടത്. ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, നാഇബ് ഖാദി അബ്ദുല്‍ മജീദ് ബാഖവി, കോഴിക്കോട് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ് ഹാജി, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനിയും പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിനാണെന്ന് അറിയിച്ചു. വിശുദ്ധ ഹജ്ജിന്റെ പ്രധാന ദിനമായ അറഫ ദിനം ആഗസ്റ്റ് 31 വ്യാഴാഴ്ചയാണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദിയില്‍ ബലിപെരുന്നാള്‍ സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ചയാവുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. ദുല്‍ഖഅദ് 29ന് മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് 30 പൂര്‍ത്തിയാക്കി ഇന്ന് ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കിയത്. മക്കയിലെ അറഫയില്‍ ഇത്തവണ 20 ലക്ഷത്തിലധികം ഹാജിമാര്‍ സംഗമിക്കുമെന്നാണ് കണക്ക്. ഒമാനില്‍ സെപ്റ്റംബര്‍ ഒന്നിനായിരിക്കും ബലിപെരുന്നാള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല