സ്വന്തം ലേഖകന്‍: യെമനില്‍ കൊടും പട്ടിണിയുടെ വിശുദ്ധമാസം, പട്ടിണിയും പകര്‍ച്ച വ്യാധികളും സ്‌ഫോടനങ്ങളും നിറഞ്ഞ യെമനില്‍ നിന്നുള്ള റംസാന്‍ വിശേഷങ്ങള്‍. രണ്ടു വര്‍ഷത്തെ ആഭ്യന്തര യുദ്ധം കീഴ്‌മേല്‍മറിച്ച യെമനിലെ 17 ദശലക്ഷം പേര്‍ക്ക് പട്ടിണിക്കും കലാപത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഇടയിലാണ് ഇത്തവമ്യും വിശുദ്ധമാസാചരണം.
ഒരു കാലത്ത് സമ്പന്നമായിരുന്ന തലസ്ഥാന നഗരം സനാ ഇന്ന് ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമീപത്തെ തകര്‍ന്നു തരിപ്പണമായി കിടക്കുന്ന കടകളില്‍ നിന്നോ വീടുകളില്‍ നിന്നോ വീട്ടിലുള്ളവര്‍ക്കും തനിക്കും രാത്രിയില്‍ കഴിക്കാന്‍ എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോ എന്നാണ് ഓരോരുത്തരുടേയും നോട്ടം.
കഴിഞ്ഞ റംസാന്‍ വരെ കാര്യങ്ങള്‍ വലിയ കുഴപ്പമുണ്ടായിരുന്നില്ല എന്ന് ചിലര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അതികഠിനമാണ്. പകല്‍ വ്രതമെടുക്കുമ്പോള്‍ രാത്രിയില്‍ മിക്കപ്പോഴും കൊടും പട്ടിണിയാണ് നഗരവാസികള്‍ക്ക്. എലിക്കൂടുകള്‍ പോലുള്ള ചെറിയ ചെറിയ മുറികളില്‍ തിങ്ങിപ്പാര്‍ക്കുന്ന കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചിരുന്നു.
ഈ വര്‍ഷമാകട്ടെ യെമന്‍ കോളറ പോലെയുള്ള പകര്‍ച്ച വ്യാധികളുടെ പിടിയിലുമാണ്. ഏപ്രില്‍ മുതല്‍ ഇതുവരെ 65,000 പേരാണ് കോളറ ബാധിതരായതെന്നാണ് കണക്ക്. ഇതിനകം 530 പേര്‍ മരണമടഞ്ഞു. മക്കള്‍ക്കൊന്നും അസുഖം പിടിച്ചിട്ടില്ലെങ്കിലും യെമനിലെ മൊത്തമുള്ള പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് സനായില്‍ താമസിക്കുന്ന 10 കുട്ടികളുടെ പിതാവായ മൊഹമ്മദ് അല്‍ മൊഖദാരി പറയുന്നു.
യുദ്ധം എല്ലാം തകര്‍ത്തു. ആള്‍ക്കാര്‍ക്ക് ആഹാരം വാങ്ങാന്‍ പണം കണ്ടെത്താനേ കഴിയുന്നില്ല. ഭക്ഷണത്തിലാണെങ്കില്‍ വലിയ വിലയും. ഇയാളുടെ മൂത്ത രണ്ടു കുട്ടികള്‍ തെരുവില്‍ പ്‌ളാസ്റ്റിക് പെറുക്കി റീസൈക്‌ളിംഗ് പ്‌ളാന്റുകള്‍ക്ക് വില്‍പ്പന നടത്തി കിട്ടുന്ന ചെറിയ തുകയാണ് കുടുംബത്തിന്റെ വരുമാനം. അതുകൊണ്ട് തന്നെ ഇവരുടെ നോമ്പു തുറക്കല്‍ അപ്പത്തിലും കട്ടിത്തൈരിലും ഒതുങ്ങും.
നിത്യോപയോഗ സാധനങ്ങളായ അരിയും അപ്പവും വാങ്ങാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഇറച്ചി, ചിക്കന്‍, മതിയായ പച്ചക്കറി, പഴങ്ങള്‍ എന്നിവയെല്ലാം റംസാനില്‍ സ്വപ്നമായി മാറിയിരിക്കുകയാണ്. റംസാനില്‍ നുണഞ്ഞിരുന്ന രുചികളെല്ലാം യെമനിലെ എല്ലാരേയും പോലെ തന്റെ വീട്ടില്‍ നിന്നും അപ്രത്യക്ഷമായെന്ന് ഇയാള്‍ പറയുന്നു. റംസാന്‍ ആയതോടെ കച്ചവടം തീരെ കുറഞ്ഞെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അത് അമ്പതു ശതമാനമായി കുറയുകയും ചെയ്തു.
മിക്കവരും വരുന്നത് പഞ്ചസാര, മാവ്, അരി എന്നിവ മാത്രം വാങ്ങാനാണ്. പലഹാരങ്ങള്‍, കടല, പച്ചക്കറി എന്നിവ കാണാനേയില്ല. കാരണം മിക്ക കുടുംബങ്ങള്‍ക്കും അത്യാവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പോലും പണമില്ല. ഒമ്പതു മാസമായി ശമ്പളം കിട്ടാത്തതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗം ഉള്ളവര്‍ക്ക് പോലും രക്ഷയില്ല. ഡോളറിനെ അപേക്ഷിച്ച് യെമന്‍ റിയാലിന്റെ വില കുത്തനെ ഇടിഞ്ഞതാണ് ഇടത്തരക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കനത്ത തിരിച്ചടിയായത്.
യുദ്ധം തുടങ്ങി മൂന്നാമത്തെ റംസാനും ദുരിത മാസമായി കടന്നു പോകുമ്പോള്‍ അടുത്ത റംസാനിലെങ്കിലും സമാധാനം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് യെമനികള്‍. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്കു മുകളിലൂടെ യുദ്ധ വിമാനങ്ങള്‍ മൂളിപ്പറക്കുകയും തൊട്ടടുത്ത് ഒരു പീരങ്കി ഷെല്‍ വീണു പൊട്ടുകയും ചെയ്യുമ്പോള്‍ അവര്‍ വീടെന്നു വിളിക്കുന്ന തങ്ങളുടേ മാളങ്ങളിലേക്ക് വലിയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല