![](https://www.nrimalayalee.com/wp-content/uploads/2022/03/Ramzan-Kuwait-Municipality-Cafes-restaurants.jpg)
സ്വന്തം ലേഖകൻ: റംസാനിൽ പകൽ സമയങ്ങളിൽ റെസ്റ്റോറന്‍റുകളും കഫേകളും തുറക്കരുതെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി. നോമ്പ് സമയങ്ങളിൽ റെസ്റ്റോറന്‍റുകളും കഫേകളും അടച്ചിടണമെന്നും ഔദ്യോഗിക ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ തുറക്കാവൂ എന്നും അധികൃതർ നിർദേശം നൽകി. ശുചീകരണത്തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായും മുൻസിപ്പാലിറ്റി അറിയിച്ചു
മുനിസിപ്പൽ ഡയറക്ടർ അഹമ്മദ് അൽ മൻഫൂഹി ആണ് കുവൈത്ത് മുനിസിപ്പാലിറ്റി ഭരണസമിതി കൈകൊണ്ട തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ റെസ്റ്റോറന്‍റുകളുടെയും കോഫീ ഷോപ്പുകളുടെയും ഉടമകൾക്ക് നിർദേശം നൽകിയത് . റംസാൻ ഒന്ന് മുതൽ പകൽ സമയങ്ങളിൽ റെസ്റ്റോറന്‍റുകളും കഫേകളും അടച്ചിടാനാണ് നിർദേശം . ഔദ്യോഗിക ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ സ്ഥാപനങ്ങൾ തുറക്കാവൂ. നിർദേശം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുന്‍സിപ്പാലിറ്റിക്ക് കീഴിലെ നഗര ശുചീകരണത്തൊഴിലാളികളുടെ റംസാൻ സമയക്രമവും എൻജിനീയർ അഹമ്മദ് മൻഫൂഹി പ്രഖ്യാപിച്ചു . സ്വീപ്പർമാരുടെ ജോലിസമയം റംസാനിൽ പുലർച്ചെ 3:00 മുതൽ രാവിലെ 10:00 വരെ ആയിരിക്കും.
രാത്രി 10:00 മുതൽ പുലർച്ചെ ഒന്ന് വരെ ആണ് ഗാർബേജ് കളക്ഷൻ ട്രക്കുകൾക്ക് അനുവദിച്ചിരിക്കുന്ന സമയം റംസാൻ ഒന്ന് മുതൽ പുതിയ സമയക്രമം അനുസരിച്ചു ഡ്യൂട്ടി ക്രമീകരിക്കാൻ കരാർ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട് . പൊതുതാൽപ്പര്യം മുൻനിർത്തിയാണ് തീരുമാനമെന്നും ശുചീകരണ തൊഴിലാളികളുടെ സുരക്ഷയിലും ആരോഗ്യത്തിലും മുന്‍സിപ്പാലിറ്റി ശ്രദ്ധാലുക്കളാണെന്നും അൽ-മൻഫൂഹി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല