സ്വന്തം ലേഖകന്‍: ബംഗാളിലെ റാണാഘട്ടില്‍ മോഷ്ടാക്കളുടെ കൂട്ടമാനഭംഗത്തിനിരയായ കന്യാസ്ത്രീയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ സുഖം പ്രാപിച്ചു വരികയായിരുന്നു.
കന്യാസ്ത്രീയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്ന് റാണാഘട്ട് സബ് ഡിവിഷണല്‍ ആശുപത്രി സൂപ്രണ്ട് എഎന്‍ മൊണ്ടാല്‍ അറിയിച്ചു. തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ അവരെ കോണ്‍വന്റ് അധികൃതര്‍ കൊണ്ടുപോവുകയായിരുന്നു.
ആശുപത്രിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയുള്ള നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാണ് കന്യാസ്ത്രീയെ മാറ്റിയത്. അവിടെ നിന്നും അവരെ അജ്ഞാതമായ സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടു പോയി.
ആശുപത്രിയിലെ ഡോക്ടര്‍ തപസ് മുള്ളിക് കന്യാസ്ത്രീയെ എയര്‍പോര്‍ട്ട് വരെ അനുഗമിക്കുകയും പത്തു ദിവസത്തേക്കു ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. പത്തു ദിവസത്തിനു ശേഷം ഗൈനക്കോളജിസ്റ്റിനെയും സൈക്യാട്രിസ്റ്റിനെയും വീണ്ടും കാണാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
മാനസികമായും ശാരീരികമായും അവര്‍ അപകടനില തരണം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം അവരെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം അഭിപ്രായപ്പെട്ടു. എന്നാല്‍ സംഭവം നടന്ന് ആറു ദിവസം കഴിഞ്ഞിട്ടും പൊലീസ് ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയില്ല.
സംഭവത്തില്‍ സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ക്രിസ്തീയ പരിസഭയുടെ സംസ്ഥാന പ്രസിഡന്റായ ഹെറോഡ് മുള്ളിക് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല