സ്വന്തം ലേഖകന്‍: മലയാള സിനിമ കാത്തിരുന്ന രണ്ടാമൂഴത്തിന് തിരിച്ചടി; എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥ സിനിമയാക്കുന്നതിന് കോടതി വിലക്ക്; സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ്. എം.ടി.വാസുദേവന്‍ നായരുടെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാണക്കമ്പനിക്കും നോട്ടീസ് അയക്കും.
തിരക്കഥ തിരികെ വേണമെന്നാണ് എം.ടി.വാസുദേവന്‍ നായരുടെ ആവശ്യം. കാലാവധി കഴിഞ്ഞിട്ടും സിനിമ തിരക്കഥയാക്കിയില്ലെന്ന് ആരോപിച്ചാണ് എം.ടി.ഹര്‍ജി നല്‍കിയത്. കേസ് 25ന് പരിഗണിക്കും.
രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്‍മാറിയത് സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലെന്ന് എംടി വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തിനകം തിരക്കഥ സിനിമയാക്കണമെന്നായിരുന്നു കരാര്‍. നാലുവര്‍ഷമായിട്ടും തുടങ്ങിയില്ല. സംവിധായകനുമായി വഴക്കിട്ട് പിരിഞ്ഞതല്ലെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്നകാര്യം ആലോചിക്കുമെന്നും എം.ടി. വിശദീകരിച്ചു. സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടാണ് എം.ടി ഹര്‍ജി നല്‍കിയത്. അതേസമയം രണ്ടാമൂഴം സിനിമക്കായുള്ള തിരക്കഥ എം.ടി. വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് നിര്‍മ്മാതാവ് ഡോ. ബി.ആര്‍ ഷെട്ടി പറഞ്ഞു.
തിരക്കഥ ആരുടേതാണെന്നത് എന്റെ വിഷയമല്ല. മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അത് എന്റെ കടമയാണെന്ന് കരുതുന്നുവെന്നും ഷെട്ടി പറഞ്ഞു. വാര്‍ത്ത വന്നതിന് പിന്നാലെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ തനിക്ക് വീഴ്ച സംഭവിച്ചെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. രണ്ടാമൂഴം നടക്കുമെന്നും എം.ടിയെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തിയത്.
തിരക്കഥ നല്‍കി നാലുവര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എം.ടി. കോടതിയില്‍ ഹര്‍ജി നല്‍കിയത്. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്നും എം.ടിയുടെ ഹര്‍ജിയില്‍ പറയുന്നു. താന്‍ വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഈ ആത്മാര്‍ഥത ചിത്രത്തിന്റെ അണിയറക്കാര്‍ കാണിച്ചില്ലെന്നും എം.ടി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല