സ്വന്തം ലേഖകന്‍: തന്ത്രപ്രധാന നഗരമായ റമാദി ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് സൈന്യം. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം തുടങ്ങിയതിനു ശേഷം സൈന്യത്തിന്റെ ഏറ്റവും പ്രധാന വിജയമാണിത്. റമാദിയിലെ സര്‍ക്കാര്‍ സമുച്ചയത്തില്‍ ഇറാഖി പതാക ഉയര്‍ത്തിയതായും സൈനിക വക്താവ് ജനറല്‍ യഹ്യ റസൂല്‍ ടെലിവിഷനിലൂടെ അറിയിച്ചു.
2015 മേയിലാണ് സൈന്യത്തെ അട്ടിമറിച്ച് ഐ.എസ് റമാദി പിടിച്ചെടുത്തത്. ഈ മാസാവസാനത്തോടെ മേഖല തിരിച്ചുപിടിക്കുമെന്ന് പ്രതിരോധമന്ത്രി ഖാലിദ് അല്‍ഉബൈദി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ചയോടെയാണ് റമാദി പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. മേഖല പിടിച്ചെടുത്തു എന്നതിനര്‍ഥം ഐ.എസിനെ പൂര്‍ണമായും കീഴടക്കിയെന്നാണെന്ന് സര്‍ക്കാര്‍ വക്താവ് സബാഹ് അന്നുമാനി അറിയിച്ചു. സൈന്യത്തിന്റെ വിജയത്തെ തുടര്‍ന്ന് അന്‍ബാര്‍ പ്രവിശ്യയില്‍ ജനങ്ങള്‍ സന്തോഷപ്രകടനം നടത്തുന്ന ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.
റമാദിയിലെ ചില പ്രവിശ്യകള്‍ക്ക് ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചു. നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സൈന്യം പുറത്തുവിട്ടിട്ടില്ല. റമാദിയിലെ അവസാന തീവ്രവാദികളെ തുരത്താന്‍ പോരാട്ടം തുടരുകയാണെന്നും സൈന്യം അറിയിച്ചു. അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ റമാദി ബഗ്ദാദിന്റെ പടിഞ്ഞാറു നിന്ന് നൂറു കിലോമീറ്റര്‍ അകലെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല