1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2012

വാക്കുകളില്‍ വെടിമരുന്ന് നിറച്ച് അത് നായകകഥാപാത്രങ്ങളുടെ നാവിന്‍‌തുമ്പിലെത്തിച്ച് തിയേറ്ററുകളില്‍ സ്ഫോടനം സൃഷ്ടിക്കുന്ന തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. മമ്മൂട്ടിയും സുരേഷ്ഗോപിയുമൊക്കെ രണ്‍ജിയുടെ ഡയലോഗുകളിലൂടെ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തി. ഭരത് ചന്ദ്രനും മാധവനും ജോസഫ് അലക്സുമൊക്കെ ഇപ്പോഴും പ്രേക്ഷകമനസില്‍ തീ പടര്‍ത്തി വിലസുന്നു.

രണ്‍ജി ഒടുവിലെഴുതിയ സിനിമ ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ പക്ഷേ നിരാശപ്പെടുത്തി. രണ്‍ജി – ഷാജി കൈലാസ് – മമ്മൂട്ടി – സുരേഷ്ഗോപി ടീം ഒരുമിച്ചപ്പോള്‍ ഒരുഗ്രന്‍ സിനിമ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ക്ക് ഒരു നിലതെറ്റിയ ചിത്രമാണ് കാണാനായത്. കഥയുടെ അഭാവം നിഴലിച്ചുനിന്ന ചിത്രത്തില്‍ ആവശ്യത്തിലേറെ ഡയലോഗുകളുണ്ടായിരുന്നു. പക്ഷേ ഡയലോഗുകളിലെ ആത്മാര്‍ത്ഥതയില്ലായ്മ സിനിമയ്ക്ക് വിനയായി.

ഇനി ട്രാക്കൊന്ന് മാറ്റിപ്പിടിക്കാമെന്ന് രണ്‍ജി പണിക്കര്‍ ചിന്തിക്കുന്നതായി റിപ്പോര്‍ട്ട്. ഡയലോഗ് ഓറിയന്‍റഡ് ആക്ഷന്‍ സിനിമകളോട് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയം കുറഞ്ഞതാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്. ഡോക്ടര്‍ പശുപതി പോലെയുള്ള ക്ലീന്‍ കോമഡി എന്‍റര്‍ടെയ്നറുകള്‍ മുമ്പ് എഴുതിയിട്ടുള്ള രണ്‍ജി വീണ്ടും ആ പാതയിലേക്ക് തിരിഞ്ഞുനടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഷാജി കൈലാസ് ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന സൂചന നല്‍കിയിട്ടുണ്ട്. സുരേഷ്ഗോപിയെ നായകനാക്കി രണ്‍ജിയുമായി ചേര്‍ന്ന് ഒരു സിനിമ ആലോചിക്കുന്നുണ്ട് എന്നാണ് ഷാജി വ്യക്തമാക്കിയത്. ആന്‍റോ ജോസഫായിരിക്കും ആ സിനിമ നിര്‍മ്മിക്കുന്നത്.

രണ്‍ജി ഒരിക്കലും ആക്ഷന്‍ സിനിമകളുടെ ലോകം വിടേണ്ടതില്ലെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. രണ്‍ജി എഴുതിയ ആക്ഷന്‍ സിനിമകളില്‍ പ്രജ, ദുബായ്, കിംഗ് ആന്‍റ് കമ്മീഷണര്‍ എന്നീ സിനിമകള്‍ മാത്രമേ പരാജയം രുചിച്ചിട്ടുള്ളൂ. ലേലം, പത്രം, ദി കിംഗ്, കമ്മീഷണര്‍, ഏകലവ്യന്‍, മാഫിയ, ഭരത്ചന്ദ്രന്‍ ഐ പി എസ്, തലസ്ഥാനം തുടങ്ങിയ മെഗാഹിറ്റുകള്‍ മലയാളിക്ക് സമ്മാനിച്ച രണ്‍ജി പണിക്കര്‍ വീണ്ടും തിയേറ്ററുകളെ ആവേശഭരിതമാക്കുന്ന സിനിമകള്‍ സൃഷ്ടിക്കണമെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും ആവശ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.