1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2019

സ്വന്തം ലേഖകന്‍: സ്ത്രീവിരുദ്ധത ചര്‍ച്ചയായ സമയത്ത് ഏറെ വിമര്‍ശനം നേരിട്ട വ്യക്തിയാണ് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. അദ്ദേഹം തിരക്കഥയെഴുതിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദി കിങ്, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ കടുത്ത സ്ത്രീവിരുദ്ധയാണ് പ്രചരിപ്പിച്ചതെന്നായിരുന്നു ആക്ഷേപം. ഇപ്പോള്‍ ഒരു പരിപാടിക്കിടയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള രഞ്ജി പണിക്കരുടെ സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് താന്‍’ എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.

ജിസ് ജോയുടെ സംവിധാനത്തില്‍ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷങ്ങളുടെ ചടങ്ങിലാണ് രഞ്ജി പണിക്കരുടെ രസകരമായ പരാമര്‍ശം.

രഞ്ജി പണിക്കരുടെ വാക്കുകള്‍

‘ഈ കേരളസംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍. കസബ എന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷം കുറച്ച് എന്റെ മകനും പകര്‍ന്ന് എടുത്തിട്ടുണ്ട്. ഈ സ്ത്രീവിരുദ്ധപാപത്തിന്റെ കറ കഴുകിക്കളയാന്‍ എന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പര്‍ പോലെയുള്ള സിനിമകളിലെ നല്ല അച്ഛന്‍ കഥാപാത്രങ്ങളാണ്. രഞ്ജി പണിക്കര്‍ പറയുന്നു.

എന്റെ വീട്ടില്‍ ഞങ്ങള്‍ മൂന്ന് ആണ്‍മക്കളാണ്. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. എന്റെ മകന് ആണ്‍കുട്ടിയാണ്. അതുകൊണ്ട്, ഒരു പെണ്‍കുട്ടിയും അച്ഛനും തമ്മിലുള്ള ബന്ധം ഞാന്‍ അനുഭവച്ചറിഞ്ഞിട്ടില്ല. പെണ്‍കുഞ്ഞ് ഉണ്ടായാല്‍, അവളെ മറ്റൊരു വീട്ടില്‍ പോയി വളരാനുള്ള ആള്‍ എന്ന നിലയിലാണ് നമ്മള്‍ പരുവപ്പെടുത്തുകയാണ്.

നീ വേറൊരു വീട്ടില്‍ പോയി വളരാനുളളവളാണ്, വേറൊരു അന്തരീക്ഷത്തില്‍ പോയി ജീവിക്കാന്‍ ശീലിക്കണം എന്നാണ് അവളോട് നമ്മുടെ സമൂഹം പറഞ്ഞുകൊടുക്കുന്നത്. പെണ്‍കുട്ടി വിവാഹം കഴിച്ച് മറ്റൊരു വീട്ടില്‍ എത്തുമ്പോള്‍, അവള്‍ വളര്‍ന്ന സാഹചര്യം, അവള്‍ക്കൊരു മുറിയുണ്ടായിരുന്നെങ്കില്‍ അത്, സ്വന്തമായി ഉണ്ടായിരുന്ന അലമാര, അവളുടെ പുസ്തകങ്ങള്‍, അവള്‍ ശേഖരിച്ച ഓര്‍മകള്‍…ഇതൊക്കെ ഉപേക്ഷിച്ചാണ് മറ്റൊരു വീട്ടിലേക്ക് പോകുന്നത്.

അങ്ങനെ പറഞ്ഞയക്കുക എന്ന സമ്പ്രദായം നമ്മുടെ സമൂഹത്തില്‍ ഉള്ളപ്പോള്‍, മറ്റൊരാളെ സ്‌നേഹിക്കാനും അയാള്‍ക്ക് വിട്ടുകൊടുക്കാനും ഉള്ള അച്ഛന്റെ മനസ്സ് ഈ സിനിമയിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്. അങ്ങനെയൊരു മുഹൂര്‍ത്തം നടനെ സംബന്ധിച്ചടത്തോളം വലിയ ഭാഗ്യമാണ്. അതിന് ജിസ് ജോയ്ക്ക് നന്ദി പറയുന്നു,’ രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു..

രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചില വിവാദങ്ങളിലാണ് മലയാള സിനിമയിലെ സ്ത്രീവിരുദ്ധത ചര്‍ച്ചയാകുന്നത്. തുടര്‍ന്ന് തന്റെ മുന്‍കാല സിനിമകളില്‍ ഇത്തരം സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി രഞ്ജി പണിക്കര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.