1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2024

സ്വന്തം ലേഖകൻ: വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയവരുടെ മുഖത്ത് അഴികളുടെ നിഴല്‍ പതിക്കുമോയെന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ വന്ന വെളിപ്പെടുത്തലുകളും മുന്നോട്ടുവെക്കുന്ന ചോദ്യം. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ നടിമാർ നടത്തിയ ലൈംഗികാരോപണങ്ങളില്‍ ഇതിനോടകം തന്നെ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണങ്ങള്‍ മാത്രമല്ല, വകുപ്പുകളും പലർക്കും ജയിലിലേക്കുള്ള ടിക്കറ്റാണ് കാത്തുവെച്ചിരിക്കുന്നതെന്ന് പറയാം.

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ എം എം എയുടെ മുൻ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ധിഖിനെതിരെയാണ് ഏറ്റവും ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിരിക്കുന്നത്. 2016ല്‍ തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലില്‍ വെച്ച് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് യുവനടിയുടെ പരാതി.

ബലാത്സംഗം (ഐപിസി 376), ഭീഷിണിപ്പെടുത്തല്‍ (506) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാസ്കോട്ട് ഹോട്ടലിലെ രേഖകള്‍ പോലീസ് പരിശോധിച്ചു. സിദ്ദിഖ് പീഡിപ്പിച്ചെന്ന് പരാതിക്കാരി ഉന്നയിച്ച 2016ലെ താമസക്കാരുടെ വിവരങ്ങളാണ് കണ്ടെത്താൻ ശ്രമിക്കുന്നത്.

പരാതിയില്‍ പറയുന്ന ദിവസം സിദ്ദിഖ് താമസിച്ച തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലില്‍ പരാതിക്കാരിയെത്തിയിരുന്നതായി രേഖ. എട്ടുവര്‍ഷം മുന്‍പുള്ള സന്ദര്‍ശക രജിസ്റ്ററില്‍ പരാതിക്കാരി ഒപ്പിട്ടതായും പോലീസ് കണ്ടെത്തി. അന്നേ ദിവസം തിരുവനന്തപുരം നിള തീയേറ്ററില്‍ നടന്ന സിനിമ പ്രിവ്യൂ ഷോയിലും ഇരുവരും പങ്കെടുത്തതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

യുവനടിയുടെ രഹസ്യമൊഴി തിരുവനന്തപുരം കോടതിയില്‍ ഇന്ന് ഹാജരാക്കും. സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സിദ്ധിഖ് മുൻകൂർ ജാമ്യം തേടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

2019ല്‍ യുവനടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കിലും കാര്യമായ ജനശ്രദ്ധ ലഭിച്ചിരുന്നില്ല. ‘സുഖമറിയാതെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കുശേഷം തന്റെ മകന്റെ പുതിയ തമിഴ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മാസ്കോട്ട് ഹോട്ടലിലേക്കു ക്ഷണിക്കുകയായിരുന്നെന്നാണ് യുവനടി പറഞ്ഞത്. പിന്നീട് തന്നെ ശാരീരികമായി പീഡിപ്പിക്കുകയും പുറത്തുപറയുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും യുവനടി വെളിപ്പെടുത്തി. “എനിക്കെതിരെ ഒന്നും ചെയ്യാനാകില്ല, ഞാൻ അത്രയും ശക്തനാണ്,” സിദ്ധിഖ് പറഞ്ഞതായി യുവനടി കൂട്ടിച്ചേർത്തു.

സിപിഎം കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെതിരെ ഇതുവരെ മൂന്ന് ലൈംഗികാരോപണങ്ങളാണ് വന്നിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരും മുൻപ് 2018ല്‍ സാങ്കേതിക പ്രവർത്തക ഉന്നയിച്ച ആരോപണമാണ് ഒന്ന്. ചെന്നൈയില്‍ ഷൂട്ടിങ് നടക്കവെയായിരുന്നു സംഭവം. മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത മുറിയിലേക്ക് താമസം മാറാൻ നിർബന്ധിച്ചുവെന്നായിരുന്നു യുവതി വെളിപ്പെടുത്തിയത്. 25 വർഷം മുൻപാണ് സംഭവം നടന്നത്. എന്നാല്‍ അന്ന് ഉയർന്ന ആരോപണങ്ങളെല്ലാം മുകേഷ് തള്ളിയിരുന്നു.

പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ജൂനിയർ ആർട്ടിസ്റ്റായ നടിയുടെ തുറന്നുപറച്ചില്‍ വരുന്നതും പരാതിയില്‍ കലാശിച്ചതും. സിനിമയില്‍ അവസരം നല്‍കാനായി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗക്കുറ്റമാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. അമ്മയില്‍ അംഗത്വം നേടുന്നതിനായി വഴങ്ങിക്കൊടുക്കാൻ മുകേഷ് ആവശ്യപ്പെട്ടതായും നിരസിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു.

ജൂനിയർ ആർട്ടിസ്റ്റായ നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്നതാണ് മുകേഷിനെതിരെ ഉയർന്ന മൂന്നാമത്തെ ആരോപണം. മറ്റൊരു ജൂനിയർ ആർട്ടിസ്റ്റായ നടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ ലൈംഗികാരോപണങ്ങളാല്‍ വളയപ്പെട്ടിരിക്കുന്ന മുകേഷിനാല്‍ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎമ്മും. എല്‍ഡിഎഫിലെ പ്രധാനസംഖ്യകക്ഷിയായ സിപിഐയില്‍ നിന്നുവരെ മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ശബ്ദം ഉയർന്നുകഴിഞ്ഞു.

സിപിഐയുടെ ദേശീയ നേതാവുകൂടിയായ ആനി രാജ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിനുപുറമെ പ്രതിപക്ഷ പാർട്ടികളില്‍നിന്നും രാജിക്കായി പ്രതിഷേധമുണ്ട്. എന്നാല്‍ മുകേഷ് രാജിവെക്കണ്ട എന്ന നിലപാടാണ് സിപിഎമ്മിന്. ലൈംഗികാരോപണം നേരത്തെയും നേരിട്ട മുകേഷിനെ പലതവണ മത്സരിപ്പിച്ചതിലൂടെ സ്ത്രീസുരക്ഷയെ ഉയർത്തിപ്പിടിക്കുന്ന സിപിഎം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യവും ഇവിടെ ഉയരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടതിനു പിന്നാലെ സിനിമ മേഖലയില്‍ ഉയർന്ന ആദ്യ ആരോപണം സംവിധായകൻ രഞ്ജിത്തിനെതിരെയായിരുന്നു. ബംഗാളി നടിയായിരുന്നു രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ‘പാലേരി മാണിക്യം ഒരു പാതിരക്കൊലപാതകം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ക്ഷണിച്ച് എറണാകുളം കടവന്ത്രയിലെ ഫ്ലാറ്റില്‍വെച്ച് ലൈംഗിക ഉദ്ദേശത്തോടുകൂടി രഞ്ജിത്ത് മോശമായി പെരുമാറിയെന്നതാണ് പരാതി. കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ഇ മെയില്‍ മുഖേനെയായിരുന്നു രഞ്ജിത്ത് പരാതി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിച്ചതടക്കം ഐപിസി 354 വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലൈംഗികാരോപണം നേരിട്ടതിനു പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടതായി വന്നു.

രഞ്ജിത്തിനെതിരെ ഇന്നലെയാണ് രണ്ടാമത്തെ ആരോപണം ഉയർന്നത്. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുവാണ് യുവാവിന്റെ വെളിപ്പെടുത്തൽ. കോഴിക്കോട് കസബ സ്റ്റേഷനിലാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്.

ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു

മൂവർക്കുമെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയിരിക്കുന്നതും ജൂനിയർ ആർട്ടിസ്റ്റായ നടിയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ വച്ച് സിനിമാ ചിത്രീകരണം നടക്കുന്ന സമയത്ത് കൂടെ അഭിനയിച്ചിരുന്ന നടിയോട് ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ശുചിമുറിയിൽനിന്നു പുറത്തേക്കു വരികയായിരുന്ന തന്നെ ജയസൂര്യ പിന്നിൽനിന്നു കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് നടിയുടെ ആരോപണം. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷ നിയമം 354, 354 (എ) (ലൈംഗികാതിക്രമം), 509 (ലൈംഗികചുവയുള്ള വാക്കുകളും വാചകങ്ങളുമുപയോഗിക്കുക) എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.

ഫ്ലോപ്പാകാത്ത ആരോപണങ്ങള്‍, ‘ജാമ്യമില്ലാത്ത’ വകുപ്പുകള്‍; ലൈംഗികചൂഷണത്തില്‍ ടിക്കറ്റ് ജയിലിലേക്കോ?
നടിയുടെ പരാതി: ജയസൂര്യയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് തന്നെ ഉപദ്രവിച്ചെന്നാണ് ഇടവേള ബാബുവിനെതിരായ നടിയുടെ പരാതി. കൊച്ചിയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി കടുന്നുപിടിക്കുകയായിരുന്നുവെന്നും നടി പറയുന്നു. എറണാകുളം നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫോർട്ട് കൊച്ചി പോലീസാണ് മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സാങ്കേതിക പ്രവർത്തകർക്കെതിരെയും ആരോപണം

മോഹൻലാല്‍ – പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയില്‍ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാള്‍ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകർത്തിയെന്നതാണ് പരാതി. ഇവർ നേരത്തെ ഹൈദരാബാദ് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി ഇന്ന് കൈമാറിയേക്കും.

പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർക്കെതിരെയും ലൈംഗികപീഡന ആരോപണമുണ്ട്. മുകേഷ് ഉള്‍പ്പെടെയുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടി തന്നെയാണ് ദുരനുഭവം ഇരുവരില്‍നിന്നുമുണ്ടായതായി വെളിപ്പെടുത്തിയത്.

ചലച്ചിത്ര-സീരിയൽ സംവിധായകൻ സുധീഷ് ശങ്കറിനെതിരെയും പരാതി ഉയർന്നു. 2019ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിൽ തിരുവനന്തപുരം കഠിനംകുളം പോലീസ് മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുമെന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.