1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2024

സ്വന്തം ലേഖകൻ: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. നടനെതിരെ യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ്‌ രാജി.

‘അമ്മ’ പ്രസിഡൻ്റ് മോഹന്‍ലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. വർഷങ്ങൾക്കുമുൻപ്‌ സിദ്ദിഖ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി യുവനടി രംഗത്തെത്തിയിരുന്നു. സിനിമയിൽ അവസരത്തിന് ക്ഷണിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽവെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി പറഞ്ഞത്‌. മുൻപ്‌ ഇതു പറഞ്ഞപ്പോൾ ആരും ഒപ്പംനിന്നില്ലെന്നും വളഞ്ഞിട്ടാക്രമിച്ചെന്നും നടി പറഞ്ഞിരുന്നു.

നടി നടത്തിയ വെളിപ്പെടുത്തല്‍

‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്.

സിദ്ദിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം.

ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്‌നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

2019-ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍നിന്നുതന്നെ മാറ്റിനിര്‍ത്തി. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നത്’, നടി മാധ്യമങ്ങളോട് പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി.തുടക്കത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി പറ്റൂ എന്ന നിലപാടുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്തുവന്നിരുന്നു.

എന്നാല്‍ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഞ്ജിത്ത് ഒഴിയണം എന്ന അഭിപ്രായം അക്കാദമിയില്‍ നിന്നും സിനിമരംഗത്ത് നിന്നും ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ആരോപണം ഉയര്‍ന്ന് 12 മണിക്കൂറിനുള്ളില്‍ സിദ്ദിഖ് കൂടി ഒഴിഞ്ഞതോടെ രാജിയല്ലാതെ മറ്റ് വഴിയില്ലാതാകുയായിരുന്നു.

യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചതോടെ രഞ്ജിത്തിന് മേൽ സമ്മർദം വർധിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലെെം​ഗി​ക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.