1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2024

സ്വന്തം ലേഖകൻ: നടന്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കല്‍ തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പോലീസ് വനിത എ.എസ്.ഐ. ആണ് മൊഴിയെടുക്കുന്നത്. സിദ്ദിഖിനെതിരെ ലൈംഗിക പീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചിരുന്നത്. തിരുവനന്തപുരം വഞ്ചിയൂരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്.

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്‍ സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി.

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. കൊച്ചി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറിയിരിക്കുന്നത്. നടിയുടെ വിശദമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് സംവിധായകനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രത്യേക അന്വേഷണസംഘത്തിന്റെ ഗൈഡ്ലൈൻ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും.

നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അന്വേഷണസംഘം കൊല്‍ക്കത്തയിലേക്ക് പോകുമെന്നാണ് വിവരം. ഓണ്‍ലൈനായി മൊഴി രേഖപ്പെടുത്താനുള്ള നിയമസാധ്യതയും എസ്.ഐ.ടി. പരിശോധിക്കുന്നുണ്ട്. കൂടാതെ, എറണാകുളം സി.ജെ.എം. കോടതിയില്‍ പരാതിപ്പെട്ട നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

രഞ്ജിത്ത് സംവിധാനംചെയ്ത ‘പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുകയുണ്ടായി. തുടർന്ന് ചർച്ചയുടെ ഭാഗമായി കൊച്ചി കലൂർ കടവന്ത്രയിൽ രഞ്ജിത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് വിളിച്ചു. ചർച്ചയ്ക്കിടെ, കൈയിൽ മുറുകെ പിടിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങിയെന്നും നടി പരാതിയിൽ പറയുന്നു.

സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാൻ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷൻ പരിധിയിലാണ് പരാതി നൽകിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.