എ ലെവല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ റാങ്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കണമെന്ന ആവശ്യം ബ്രിട്ടനില്‍ ശക്തമാകുന്നു. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന മാര്‍ക്കിനെ ഗ്രെയ്ഡിലേക്ക് മാറ്റുന്ന രീതിയാണ് നിലവിലുള്ളത്. ഇത് വിദ്യാര്‍ത്ഥികളുടെ നിലവാരം മനസിലാക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും അക്കാഡമിക്കുകളും പറയുന്നത്.
വിദ്യാര്‍ത്ഥികളുടെ ഗ്രെയ്ഡ് കണക്കാക്കുന്നത് അവസാനിപ്പിച്ച് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് കണക്കാക്കുന്ന സംവിധാനം കൊണ്ടു വരണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി മിഖായേല്‍ ഗോവ് ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. റാങ്ക് കണക്കാക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ നിലവാരം താരതമ്യം ചെയ്യാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
റാങ്ക് സമ്പ്രദായം തിരികെ കൊണ്ടു വരുന്നതോടെ ഉയര്‍ന്ന ഗ്രെയ്ഡുകള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളുടെ റാങ്കുകള്‍ ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആദ്യ റാങ്ക് മുതല്‍ അവസാന റാങ്ക് വരെ നേടുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇതില്‍ അറിയുകയും ചെയ്യും. ഇത് തങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെയും സഹായിക്കുമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഈ സമ്പ്രദായം നടപ്പാക്കപ്പെട്ടാല്‍ 1951ല്‍ എ ലെവല്‍ പരീക്ഷകള്‍ ആരംഭിച്ചതിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പരിഷ്‌കരണമാകും ഇത്.
ഭൂരിഭാഗം വിദഗ്ധരും മന്ത്രിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും മത്സര പരീക്ഷകള്‍ വീണ്ടും സമ്മര്‍ദ്ദത്തിന് അടിപ്പെട്ടതാകുമെന്നും പഠനത്തില്‍ മികവില്ലാത്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും മോശം അവസ്ഥയിലെത്തുമെന്നുമുള്ള വിമര്‍ശനങ്ങളും ഇതിനെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ റാങ്ക് വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ തന്നെ പ്രസിദ്ധീകരിക്കാനാണോ അതോ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി പ്രസിദ്ധീകരിക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല