സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് കമ്പ്യൂട്ടര്‍ ശൃംഖലക്കു നേരെ ‘റാന്‍സംവെയര്‍’ ആക്രമണം, ആശയവിനിമയ സംവിധാനങ്ങള്‍ താറുമാറായി. ലണ്ടന്‍, ബ്ലാക്‌ബേണ്‍, നോട്ടിങ്ഹാം, കുംബ്രിയ, ഹെര്‍ട്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലെ ട്രസ്റ്റുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളാണ് തകരാറിലായത്. കംപ്യൂട്ടറുകള്‍ ലോഗ് ഓണ്‍ ചെയ്യുമ്പോള്‍ 230 പൗണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വൈറസ് പ്രോഗ്രാമാണ് ആരോഗ്യ മേഖലയെ സ്തംഭിപ്പിച്ചത്.
രോഗികളുടെ വ്യക്തിഗത വിവരങ്ങളും രോഗവിവരശേഖരണവും തുടങ്ങി മരുന്നു കുറിക്കലും ഡിസ്ചാര്‍ജും വരെ പൂര്‍ണമായും കംപ്യൂട്ടര്‍ സഹായത്തോടെ നടക്കുന്ന എന്‍എച്ച്എസില്‍ കംപ്യൂട്ടറുകള്‍ തുറക്കാന്‍ കഴിയാതായതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തകിടം മറിയുകയും രോഗികള്‍ വലയുകയും ചെയ്തു. ആശുപത്രികളിലും ജിപി സെന്ററുകളിലും രോഗികളുടെ വിവരങ്ങള്‍ ലഭ്യമല്ലാതായി. ഓപ്പറേഷനുകളും എക്‌സ്‌റേ, സ്‌കാനിംങ് തുടങ്ങിയ പരിശോധനകളും മുടങ്ങി.
39 ആശുപത്രികളുടെയും നിരവധി ജിപി സെന്ററുകളുടെയും പ്രവര്‍ത്തനം ഇത്തരത്തില്‍ അവതാളത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍. രോഗികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളും മറ്റും ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയില്‍ ആകാനും നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ നടപടി തുടങ്ങിയതായി പ്രധാനമന്ത്രി തെരേസാ മേയ് വ്യക്തമാക്കി.
സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ സൈബര്‍ സെല്ലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 99 രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്കു നേരെയുണ്ടായ ‘റാന്‍സംവെയര്‍’ ആക്രമണമാണ് എന്‍എച്ച്എസ് കമ്പ്യൂട്ടര്‍ ശൃംഖലയേയും പിടികൂടിയതെന്നാണ് സൂചന. ഇന്റര്‍നെറ്റിലൂടെ കന്പ്യൂട്ടറില്‍ സ്ഥാപിക്കപ്പെടുന്ന റാന്‍സംവെയര്‍ എന്ന മാല്‍വെയര്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്ത ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍(ഡാറ്റ) തിരികെ കിട്ടണമെങ്കില്‍ മോചനദ്രവ്യമായി 300 ഡോളര്‍ നല്‍കണമെന്നാണ് ആവശ്യം.
പണം നേരിട്ടു നല്‍കുന്നത് കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുമെന്നതിനാല്‍ മോചനദ്രവ്യം ബിറ്റ്‌കോയിനായാണ് ആവശ്യപ്പെടുന്നത്. യുഎസ്, ചൈന, റഷ്യ, സ്‌പെയിന്‍ ഇറ്റലി, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകള്‍ക്കു നേരേയും റാന്‍സംവെയര്‍ ആക്രമണം ഉണ്ടായതായി വാര്‍ത്തകളുണ്ട്. സ്‌പെയിനിലെ ടെലികോം ഭീമനായ ടെലിഫോണിക്ക, ഐബെര്‍ഡ്രോല, ഗ്യാസ് നാച്യുറല്‍, ഡെലിവറി ഏജന്‍സി ഫെഡ് എക്‌സ്, റഷ്യയിലെ ടെലികോം ഭീമന്‍ മെഗാഫോണ്‍ എന്നീ കമ്പനികള്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല