സ്വന്തം ലേഖകന്‍: റാന്‍സംവെയറായ വാനാക്രൈ ആക്രമണത്തിനു പിന്നില്‍ മണ്ടന്മാരെന്ന് വിദഗ്ദര്‍, വൈറസിന്റെ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റ് ലോകത്തെ മൂന്നു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ഒരു കമ്പ്യൂട്ടറിന് 300 ഡോളര്‍ വെച്ചാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. കണക്കു കൂട്ടിയാല്‍ കോടികളായിരുന്നു ഈ ആക്രമണത്തിലൂടെ ഹാക്കര്‍മാര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്.
എന്നാല്‍ കേവലം 35.25 ലക്ഷം രൂപ മാത്രമാണ് ഹാക്കര്‍മാര്‍ സ്വന്തമാക്കിയത് എന്നാണ് ആദ്യ വിലയിരുത്തല്‍. സാമ്പത്തിക നേട്ടം മുന്‍നിര്‍ത്തിയുള്ള സൈബര്‍ ആക്രമണം വമ്പന്‍ പരാജയമാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വെറും മണ്ടന്‍മാരാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബിറ്റ് കോയിന്‍ ആരൊക്കെ നല്‍കിയെന്നോ നല്‍കിയില്ലെന്നോ ഹാക്കര്‍മാര്‍ക്ക് തിരിച്ചറിയാനുള്ള സംവിധാനമില്ലെന്നും വിദഗര്‍ പറയുന്നു.
വാനാക്രൈയുടെ ഒന്നും രണ്ടും പതിപ്പുകളുടെ വ്യാപനം നിയന്ത്രണത്തിലായെങ്കിലും വൈറസിന്റെ മൂന്നാം പതിപ്പ് ആക്രമണം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നും രണ്ടും പതിപ്പുകളുടെ കില്ലര്‍ സ്വിച്ച് കണ്ടെത്തിയതിന് പിന്നാലെയാണ് മൂന്നാം പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ആദ്യ പതിപ്പുകളുടേത് പോലെ കില്ലര്‍ സ്വിച്ച് സംവിധാനം പുതിയ പതിപ്പുകള്‍ക്ക് ഇല്ലെന്നാണ് സൂചന.
അതിനു പിന്നാലെ വന്‍ വെല്ലുവിളിയുമായി ഷാഡോ ബ്രേക്കേഴ്‌സ് എന്ന ഹാക്കിങ് സംഘം രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സുരക്ഷാ ഏജന്‍സി എന്‍എസ്എയില്‍ നിന്ന് പ്രോഗ്രാമുകള്‍ ചോര്‍ത്തി വാനാക്രൈയുടെ നിര്‍മ്മാണത്തിന് തുടക്കമിട്ട സംഘമാണിത്. സ്മാര്‍ട്‌ഫോണ്‍, വെബ് ബ്രൗസറുകള്‍, റൗട്ടറുകള്‍, വിന്‍ഡോസ് 10 ഒഎസ് എന്നിവയിലെ സുരക്ഷാ വിവരങ്ങള്‍, ആണവ രഹസ്യങ്ങള്‍ എന്നിവ ജൂണ്‍ മുതല്‍ പുറത്തു വിടുമെന്നാണ് ഷാഡോ ബ്രേക്കേഴ്‌സിന്റെ ഭീഷണി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല