ബലാത്സംഗക്കുറ്റത്തിന് പിടിയിലായ പ്രതിയെ സെന്‍ട്രല്‍ ജയില്‍ തകര്‍ത്ത് തട്ടിക്കൊണ്ടു പോയി നഗ്‌നനായി വലിച്ചിഴച്ചശേഷം ജനക്കൂട്ടം തല്ലിയും കല്ലെറിഞ്ഞും കൊലപ്പെടുത്തി. ഇന്ത്യയിലെ നാഗാലാന്‍ഡിലുള്ള ദിമാപൂരി നഗരത്തിലാണ് കിരാതമായ സംഭവം നടന്നത്. നിയമം കൈയിലെടുത്ത് ആക്രോശിച്ച് നീങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെയ്പ്പ് നടത്തിയെങ്കിലും ചിലര്‍ക്ക് പരുക്കേറ്റന്നല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ജനക്കൂട്ടം തിരിച്ച് കല്ലെറിഞ്ഞപ്പോള്‍ പൊലീസുകാര്‍ക്കും പരുക്കേറ്റു.
ജയില്‍സുരക്ഷയെ മറികടന്ന് പ്രതിയെ നഗ്‌നനാക്കി തെരുവിലൂടെ നാല് മണിക്കൂര്‍ വലിച്ചിഴച്ചു. ജനക്കൂട്ടത്തിന്റെ നാല് മണിക്കൂര്‍ നേരത്തെ ഭേദ്യം ചെയ്യലിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടത്. വലിയ കമ്പുകള്‍ ഉപയോഗിച്ച് അടിച്ചും കല്ലെറിഞ്ഞുമാണ് ചെറുപ്പക്കാരായ ആളുകള്‍ നിയമത്തിന്റെ വഴിക്ക് കാത്ത് നില്‍ക്കാതെ സ്വയം വിധികര്‍ത്താക്കളായത്.
സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കുന്ന 35 വയസ്സുള്ള ആളാണ് നാട്ടുകാരുടെ ക്രൂരവിനോദത്തിന് ഇരയായതെന്ന് ദ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം 24ന് ഈ പ്രദേശത്തെ ഒരു വുമണ്‍സ് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.
ബലാത്സംഗങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും ഇന്നലെ ദിമാപൂര്‍ നഗരത്തില്‍ കൂറ്റന്‍ റാലി നടന്നിരുന്നു. ഈ റാലിയില്‍ പങ്കെടുക്കാനെത്തിയവരാണ് ജയിലില്‍ അതിക്രമിച്ച് കയറി പ്രതിയെ വലിച്ചിഴച്ച് പുറത്തെത്തിച്ചത്. ജയിലില്‍നിന്ന് നഗരത്തിലെ ക്ലോക്ക് ടവറിന് സമീപത്തേരക്കാണ് ഇയാളെ വലിച്ചിഴച്ച് കൊണ്ടുപോയത്. അക്രമാസക്തരായ ജനക്കൂട്ടം ജയിലിന്റെ രണ്ട് ഗെയ്റ്റുകള്‍ തകര്‍ത്തിട്ടുണ്ട്.
റേപ്പിസ്റ്റ് വ്യാപാരം നടത്തിയിരുന്ന പ്രദേശത്തെ വീടുകളും കടകളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അക്രമികള്‍ പ്രതിയെ കൊണ്ടു പോകാതിരിക്കാനായി പൊലീസ് വെടിവെപ്പ് ഉള്‍പ്പെടെ നടത്തിയെങ്കിലും ജനങ്ങളുടെ രോഷത്തിന് മുന്‍പില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പൊലീസ് വെടിവെയ്പ്പില്‍ ജനങ്ങള്‍ക്കും കല്ലേറില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ മൃതദേഹം പിന്നീട് പൊലീസ് വഴിയില്‍നിന്ന് നീക്കം ചെയ്തു.
ഡിസംബര്‍ 16ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തെക്കുറിച്ച് ബ്രിട്ടീഷ് ഫിലിം മേക്കറായ ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെയാണ് ബലാത്സംഗത്തിന് എതിരെ ജനകീയ പ്രക്ഷോഭവും അതെത്തുടര്‍ന്ന് ദാരുണമായ സംഭവവും അരങ്ങേറിയിരിക്കുന്നത്. ഇന്ത്യയുടെ വിലക്ക് മറികടന്ന് ബിബിസി ഫോര്‍ സ്‌റ്റോറിവില്ല സീരിസില്‍ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു. അതിന് പിന്നാലെ അത് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല