1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

സ്വന്തം ലേഖകന്‍: പഞ്ചാബില്‍ ഓടുന്ന ബസിനുള്ളില്‍ ഡല്‍ഹി മോഡല്‍ ബലാത്സംഗ ശ്രമം. പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമ്മ ചികില്‍സയിലാണ്.
ഇന്നലെയാണ് പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ അമ്മയേയും മകളെയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്. ആക്രമികളെ എതിര്‍ക്കാന്‍ ശ്രമിച്ച അമ്മയേയും മകളെയും ബസിന് പുറത്തേക്കെറിയുകയായിരുന്നു.

മോഗയില്‍ നിന്ന് ഗുര്‍ദ്വാരയിലേക്ക് പോകുകയായിരുന്നു അമ്മയും മകളും മകനും. ബാഗാപുരാനാ റോഡിലാണ് സംഭവം നടന്നത്. സ്വകാര്യ ബസില്‍ കയറിയ ഉടന്‍ തന്നെ ഒരു സംഘം ആക്രമികള്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആരും സഹായത്തിന് എത്താതിരുന്നതിനെ തുടര്‍ന്ന് എതിര്‍ക്കാന്‍ ശ്രമിച്ച അമ്മക്കു നേരെയും പീഡന ശ്രമമുണ്ടായി. ഇവര്‍ കണ്ടക്ടറുടെ സഹായം തേടിയെങ്കിലും അയാള്‍ പ്രതികള്‍ക്കൊപ്പം ചേരുകയായിരുന്നു. ഡ്രൈവറോട് ബസ് നിര്‍ത്തുന്നതിന് അമ്മ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.

പിന്നീട് ഒരു വളവിലെത്തിയപ്പോള്‍ ഇവരെ ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നെന്നും അമ്മ മൊഴി നല്‍കി. ഡ്രൈവറുടെ സുഹൃത്തുക്കളായ കുറച്ചുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. ആശുപത്രിയിലേക്കുള്ള വഴിയിലാണ് പെണ്‍കുട്ടി മരിച്ചത്.

ആക്രമികള്‍ സഞ്ചരിച്ച ബസ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഡ്രൈവറും കണ്ടക്ടറും ഒളിവിലാണ്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പഞ്ചാബ് ഉപ മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.