സ്വന്തം ലേഖകന്‍: ലണ്ടനില്‍ വഴിയാത്രക്കാരിയായ ബ്രിട്ടീഷ് വംശജയെ പീഡിപ്പിച്ച മലയാളി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ജോര്‍ജ് മാണി കുര്യന്‍ എന്നയാളാണ് പിടിയിലായത്. ലണ്ടനിലെ ബ്രൈറ്റനില്‍ അര്‍ദ്ധരാത്രി വഴിയാത്രക്കാരിയായ യുവതിയെ കീഴ്‌പ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
ഒക്‌ടോബര്‍ 19 ഞായറാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരിയായ 21 കാരിയെ കീഴ്‌പ്പെടുത്തിയ പ്രതി നടപ്പാതയ്ക്ക് അടിയിലേക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പീഡനത്തിന് ഇരയാകുമ്പോള്‍ യുവതി മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്. സംഭവത്തിന് ശേഷം പ്രതി കടന്നിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴിയും കേസില്‍ നിര്‍ണായകമായി.
അക്രമി 50 വയസ് പിന്നിട്ട വ്യക്തിയാണെന്നും അഞ്ചടി ആറിഞ്ച് ഉയരം വരുമെന്നും യുവതി പോലീസിന് മൊഴി നല്‍കി. അക്രമിക്ക് കഷണ്ടിയാണെന്നും ക്ലീന്‍ ഷെയ്‌വ് ചെയ്തിരുന്നെന്നും, ഒപ്പം ഇരുണ്ട നിറമുള്ള മേല്‍ക്കുപ്പായവും നീല ബനിയനും ധരിച്ചിരുന്നതായും യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങളില്‍നിന്നും പ്രതി ഏഷ്യന്‍ വംശജനാണെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
പ്രതിയുടെ രേഖാചിത്രം ഉള്‍പ്പെടെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജൂലൈ 31ന് പ്രതി മാണി കുര്യന്‍ അറസ്റ്റിലായി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ഈസ്റ്റ് സസക്‌സ് പോലീസ് കൂടുതല്‍ തെളിവെടുപ്പിനായി പിന്നീട് റിമാന്റില്‍ സ്വീകരിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്ന ഈ മാസം 20 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല