സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഏഴു വയസുകാരി സയിനബിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയെ 72 മണിക്കൂറിനകം പിടികൂടണമെന്നു പാക് പോലീസിനോട് സുപ്രീം കോടതി. ലാഹോറില്‍നിന്ന് അന്പതു കിലോമീറ്റര്‍ അകലെയുള്ള കസൂറിലെ വീട്ടില്‍നിന്നു ജനുവരി നാലിനാണു സയിനബിനെ ആരോ തട്ടിക്കൊണ്ടുപോയത്. അഞ്ചു ദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം ചപ്പുകൂനയില്‍ കാണപ്പെടുകയായിരുന്നു. ബലാത്കാരത്തിനുശേഷം അക്രമി പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സയിനബിന്റെ കൊലപാതകവാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നു പാക്കിസ്ഥാനില്‍ പലേടത്തും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി.വാര്‍ത്തയെത്തുടര്‍ന്നു സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഇന്നലെ ലാഹോര്‍ രജിസ്ട്രിയില്‍ ചീഫ് ജസ്റ്റീസ് മിയാന്‍ സാക്വിബ് നിസാറിന്റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി സ്‌പെഷല്‍ ബഞ്ച് കേസ് കേട്ടു. ഇതിനകം 800 പേരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഇപ്പോഴത്തെ രീതിയില്‍ പോയാല്‍ രണ്ടരക്കോടി ജനങ്ങളുടെയും ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരുമെന്നു പറഞ്ഞ കോടതി ഡിഎന്‍എ ടെസ്റ്റിനു പുറമേ മറ്റു മാര്‍ഗങ്ങളും കേസ് അന്വേഷണത്തിന് ഉപയോഗിക്കണമെന്നു നിര്‍ദേശിച്ചു. ഭീകരവിരുദ്ധ ഡിപ്പാര്‍ട്ട്‌മെന്റ് , ഇന്റലിജന്‍സ് ബ്യൂറോ, സ്‌പെഷല്‍ ബ്രാഞ്ച്, പഞ്ചാബ് ഫോറന്‍സിക് സയന്‍സ് ഏജന്‍സി എന്നിവ അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. കസൂര്‍ മേഖലയില്‍ 2015നു ശേഷം ബലാത്കാരം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട മറ്റ് ഏഴു പെണ്‍കുട്ടികളുടെ രക്ഷിതാക്കളും ഇന്നലെ കോടതിയില്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല