1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2012

ശബ്ദമിശ്രണത്തിലൂടെ ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കൈവരിച്ച ഡോ. റസൂല്‍ പൂക്കുട്ടി നിര്‍മാണരംഗത്തേക്ക്. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും പഠിച്ചിറങ്ങിയ ഒരുപറ്റം സുഹൃത്തുക്കളും റസൂലിനൊപ്പം ഇതില്‍ പങ്കാളികളാകുന്നു. രാജീവ്‌രവി, എന്‍.മധു, സുനില്‍ ബാബു, കമല്‍ എന്നിവരുമായി ചേര്‍ന്ന് കളക്ടീവ് ഫെയ്‌സ് എന്ന ബാനറിലാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഐ.ഡി. എന്നതാണ് ആദ്യചിത്രം.

ഐഡന്റിറ്റിയുടെ ചുരുക്കമായ ഐ.ഡി മുബൈയില്‍ താമസിക്കുന്നവരുടെ വ്യക്തിത്വമാണ് വിഷയമാക്കുന്നത്. പുണെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റസൂലിന്റെ ജൂനിയറും സംവിധാനത്തില്‍ ബിരുദധാരിയുമായ കമലാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം. ഓഷ്യന്‍ ഫിലിംഫെസ്റ്റിവല്‍, വെനീസ് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരയിനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. വിതരണക്കാരുടെ ഇടനിലയില്ലാതെ സിനിമ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. ക്യാമറമാന്‍ -മധു, എഡിറ്റിങ്-അജിത, സൗണ്ട് റെക്കോഡിങ്-റസൂല്‍ പൂക്കുട്ടി. ഐ.ഡി. സുഡാന്‍ ഫിലിം ഫെസ്റ്റിവലിലും സ്‌ക്രീനിങ്ങിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നല്ല സിനിമകള്‍ ഉണ്ടാക്കുകയെന്നതിനുവേണ്ടിയാണ് കളക്ടീവ് ഫെയ്‌സ് രൂപവത്കരിച്ചത്. സിനിമ തിരഞ്ഞെടുത്ത് കാണാനുള്ള അവസരം പ്രേക്ഷകന് ലഭിക്കുന്നില്ല. വിതരണക്കാര്‍ എടുക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളാണ് നിര്‍മിക്കുന്നത്. വിതരണക്കാരുടെ താത്പര്യത്തിനനുസരിച്ചാണ് സിനിമകള്‍ തിയേറ്ററുകളില്‍ എത്തുന്നത്. ആ നിലപാടുകള്‍ക്കെതിരെയാണ് ‘കളക്ടീവ് ഫെയ്‌സ്’ പ്രവര്‍ത്തിക്കുന്നത്. ഐ.ഡി. ആദ്യസംരംഭമാണ്. ഇന്നത്തെ ഇന്ത്യയുടെ സാമൂഹികപാശ്ചാത്തലത്തില്‍ നിന്നുകൊണ്ട് പ്രസക്തമായൊരു വിഷയമാണ് ചിത്രം അവതരിപ്പിക്കുന്നത് -റസൂല്‍ പൂക്കുട്ടി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.