സ്വന്തം ലേഖകൻ: പുസ്തക രൂപത്തിലുള്ള റേഷൻ കാർഡ് എടിഎം കാർഡിന്റെ വലുപ്പത്തിലുള്ള പിവിസി–പ്ലാസ്റ്റിക് കാർഡ് ആക്കാൻ സർക്കാർ അനുമതി. പുസ്തകരൂപത്തിലുള്ള റേഷൻ കാർഡും ഇ–റേഷൻ കാർഡും അസാധുവാകാത്തതിനാൽ ആവശ്യമുള്ളവർ മാത്രം പിവിസി–പ്ലാസ്റ്റിക് കാർഡിന് അപേക്ഷിച്ചാൽ മതി. കാർഡ് ആവശ്യമുള്ളവർ അക്ഷയ സെന്റർ വഴി അപേക്ഷിക്കണം.
സോഫ്റ്റ്‌വെയറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ പൊതുവിതരണ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുന്നവരിൽനിന്ന് ഫീസായി 25 രൂപയും പ്രിന്റിങ് ചാർജായി 40 രൂപയും ഈടാക്കാം. സർക്കാരിലേക്കു പ്രത്യേക ഫീസ് ഈടാക്കില്ല. കാർഡുകളുടെ രൂപം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 4ന് പൊതുവിതരണ ഡയറക്ടർ കത്തു നൽകിയിരുന്നു. കാർഡിന്റെ മാതൃകയും തയാറാക്കി നൽകി.
ഒക്ടോബർ മാസത്തിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 91,32,429 റേഷൻ കാർഡ് ഉടമകളാണ് ഉള്ളത്. എഎവൈ (മഞ്ഞകാർഡ്–അന്ത്യോദയ അന്നയോജന)–5,90,188, പിഎച്ച്എച്ച് (മുൻഗണനാ വിഭാഗം)–33,40,654, എൻപിഎസ് (നീലകാർഡ്–സ്റ്റേറ്റ് സബ്സിഡി)–24,28,035, എൻപിഎൻഎസ് (സബ്സിഡി ഇല്ലാത്ത വിഭാഗം) –27,48,272, എൻപി(ഐ) (ഹോസ്റ്റലുകളിലും അഭയകേന്ദ്രങ്ങളിലും ഉള്ളവർക്കായുള്ളത്)–25,280.
എഎവൈ മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവരോട് കാർഡുകൾ തിരികെ നൽകാൻ സർക്കാർ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 11,587 എഎവൈ കാർഡുകളും 55,974 എൻപിഎസ് കാർഡുകളും 74,628 പിഎച്ച്എച്ച് കാർഡുകളും സർക്കാരിനു സമർപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല