സ്വന്തം ലേഖകന്‍: അക്വാ ബ്ലൂ കണ്ണുകളുള്ള സുന്ദരിയെ കൊന്നത് മത തീവ്രവാദികള്‍, മോഡല്‍ റൗദ ആതിഫിന്റെ മരണം ആത്മഹത്യയല്ലെന്ന് സഹോദരന്‍. ബംഗ്ലാദേശിലെ മത തീവ്രവാദികളാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നു സഹോദരന്‍ റയാന്‍ ആരോപിച്ചു. ഇസ്ലാം അനുശാസിക്കുന്ന വസ്ത്രധാരണരീതി പിന്തുടരാത്തതാണ് കൊലപാതകത്തിനു കാരണമായി റയാന്‍ ചൂണ്ടിക്കാണിക്കുന്നത്.
മാര്‍ച്ച് 29 നാണ് റൗദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗ്ലാദേശിലെ ഇസ്ലാമി ബാങ്ക് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്നു റൗദ. റൗദയുടെ വസ്ത്രധാരണം ഇസ്ലാം അനുശാസിക്കുന്ന വിധമല്ലെന്നും മര്യാദയില്ലാത്തത് ആണെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ കോളേജില്‍ റൗദ മുഖം മറച്ചിരുന്നുവെന്ന് റയാന്‍ വ്യക്തമാക്കുന്നുണ്ട്.
ബംഗ്ലാദേശിലെ ഹോസ്റ്റല്‍ മുറിയിലാണ് റൗദയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് ആത്മഹത്യയാണെന്നായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഭക്ഷണത്തില്‍ മായം കലക്കി തന്നെ കൊല്ലാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് റൗദ കുടുംബത്തോട് പറഞ്ഞിരുന്നുവത്രെ. റൗദ കോളജിലേക്ക് ജീന്‍സ് ധരിച്ചിരുന്നതും ഇസ്ലാമിക വസ്ത്രം ധരിക്കാതിരുന്നതും മത തീവ്രവാദികളെ പ്രകോപിച്ചിരുന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദവുമായി റൗദയുടെ അച്ഛനും രംഗത്തെത്തിയിരുന്നു. 2016 ഒക്ടോബര്‍ ലക്കം വോഗ് ഇന്ത്യയുടെ മുഖചിത്രം റൗദയുടെതായിരുന്നു. അക്വാ ബ്ലൂ നിറത്തിലുള്ള റൗദയുടെ കണ്ണുകള്‍ക്ക് ഫാഷന്‍ ലോകത്ത് നിന്ന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. വൈവിധ്യമാര്‍ന്ന സൗന്ദര്യ ആഘോഷം എന്ന തലക്കെട്ടില്‍ ആറ് യുവതികളുടെ ചിത്രമുള്‍പ്പെടുന്ന പുറംചട്ടയോടെയാണ് വോഗിന്റെ ആ ലക്കം ഇറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല