ആര്‍ബിഎസ് ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശ്യംഖലയിലുണ്ടായ സാങ്കേതിക തകരാറിന് കാരണം ജൂനിയര്‍ ടെക്‌നീഷ്യന്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചത്. ആര്‍ബിഎസിന്റെ സോഫ്റ്റ് വെയര്‍ മാനേജ് ചെയ്യുന്നത് ഇന്ത്യയിലെ ഹൈദ്രാബാദിലുളള ഒരു സോഫ്റ്റ് വെയര്‍ കമ്പനിയാണ്. പതിവായി ചെയ്യാറുളള സോഫ്റ്റ് വെയര്‍ അപ്ഗ്രഡ് ജോലി താരതമ്യേന പുതുമുഖമായ ഒരു ജോലിക്കാരനെ ഏല്‍പ്പിച്ചതാണ് ബ്രിട്ടനിലെ ആയിരക്കണക്കിന് ആളുകളെ വെളളം കുടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇയാള്‍ സോഫ്റ്റ് വെയര്‍ അപ്പ്‌ഗ്രേഡ് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതാണ് സാങ്കേതിക തകരാറിന് കാരണമായതെന്നാണ് നിലവിലുളള വിശദീകരണം, റോയല്‍ സ്‌കോട്ട്‌ലാന്‍ഡ് ബാങ്ക്, നാറ്റ് വെസ്റ്റ് ബാങ്ക്, അള്‍സ്റ്റര്‍ ബാങ്ക് എന്നിവയുടെ സോഫ്റ്റ് വെയര്‍ മാനേജ്‌മെന്റാണ് ഹൈദ്രരാബാദിലുളള സോഫ്റ്റ് വെയര്‍ കമ്പനിക്ക് നല്‍കിയിട്ടുളളത്. സാങ്കേതിക തകരാര്‍ മൂന്ന് ബാങ്കുകളേയും ബാധിച്ചിട്ടുണ്ട്.
യുകെയിലെ കമ്പനികളുടെ ഐടി സംബന്ധമായ ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യാനുളള ഫിയാസ്‌കോയുടെ തീരുമാനമാണ് നിലവിലുളള പ്രതിസന്ധിക്ക് കാരണമെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ജോലിക്കാര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കിയാല്‍ മതിയെന്നതാണ് ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. നിലവില്‍ ഒരു ബ്രട്ടീഷ് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ക്ക് 50,000 പൗണ്ട് ശമ്പളം നല്‍കേണ്ടിവരുമ്പോള്‍ ഒരു ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ക്ക് 9,000 പൗണ്ടാണ് ശമ്പളമായി നല്‍കുന്നത്. എന്നാല്‍ ഔട്ട് സോഴ്‌സിങ്ങാണ് നിലവിലെ പ്രശ്‌നത്തിന് കാരണമെന്ന് പറയാന്‍ യാതൊരു തെളിവും ഇല്ലെന്ന് ആര്‍ബിഎസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ ഹെസ്റ്റര്‍ പറഞ്ഞു.
എഡിന്‍ ബര്‍ഗ്ഗിലുളള ഐടി സെന്ററാണ് തങ്ങളുടെ മെയിന്‍ സെന്ററെന്നും. വിദേശത്തുളള സെന്ററിന് കാര്യമായി ഒന്നും ചെയ്യാനില്ലന്നും. ടെക്‌നോളജിയിലുണ്ടായ പിഴവാണ് പ്രശ്‌നത്തിന് കാരണമെന്നും ഹെസ്റ്റര്‍ പറഞ്ഞു. ഇതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊണ്ട് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുളള മുന്‍കരുതലുകളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോഫ്റ്റ് വെയര്‍ അപ്പ്‌ഡേറ്റിലുണ്ടായ പാളിച്ചയാണ് ബുധനാഴ്ച മുതല്‍ 17 മില്യണിലധികം ഉപഭോക്താക്കളെ വെളളം കുടിപ്പിക്കുന്നത്. എന്നാല്‍ വെളളിയാഴ്ച വൈകുന്നേരത്തോടെ പ്രശ്‌നം പരിഹരിച്ചെങ്കിലും ഏതാണ്ട് 100 മില്യണ്‍ ട്രാന്‍സാക്ഷന്റെ വിവരങ്ങള്‍ കാണാനില്ലാത്തതാണ് പുതിയ പ്രശ്‌നത്തിന് വഴിതെളിച്ചത്. ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ ബാങ്കിന്റെ കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് വീണ്ടും എന്റര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന് സമയമെടുമെടുക്കുമെന്നാണ് കരുതുന്നത്.
ഹൈദരാബാദിലുളള സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജൂനിയര്‍ ടെക്‌നീഷ്യന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ് വെയര്‍ അപ്പ്‌ഗ്രേഡ് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ ചില വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് ആര്‍ബിഎസിന് വേണ്ടി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ ആരോപണത്തോട് ആര്‍ബിഎസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ തകരാറിനെ തുടര്‍ന്ന് ആരുടേയും പണം നഷ്ടപ്പെടില്ലെന്നും പേയ്‌മെന്റുകള്‍ വൈകുന്നത് മുലമുണ്ടാകുന്ന പിഴ ബാങ്ക് തിരികെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത് മൂലം ബാങ്കിന് 50 മില്യണും 100 മില്യണും ഇടയില്‍ അധികബാധ്യത ഉണ്ടാകുമെന്നാണ് കരുതുന്നത്. ആര്‍ബിഎസിന്റെ സീനിയര്‍ സ്റ്റാഫിനുളള ബോണസ് സംഭവത്തെ തുടര്‍ന്ന് വെട്ടിക്കുറക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഹെസ്റ്റര്‍ വ്യക്തമാക്കി.
പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിച്ചശേഷം എന്താണ് സംഭവിച്ചതെന്നും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമുളള റിപ്പോര്‍ട്ട് ആര്‍ബിഎസ്- നാറ്റ് വെസ്റ്റ് ബാങ്കുകള്‍ സമര്‍പ്പിക്കണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല