അലക്സ് വർഗീസ് (ലണ്ടൻ): റോയൽ കോളജ് ഓഫ് നഴ്സിംഗ് (ആർ സി എൻ) വാർഷിക കോൺഗ്രസിന് ഗ്ലാസ്ഗോയിൽ ഉജ്ജ്വല തുടക്കം.ജൂൺ 5 മുതൽ ജൂൺ 9 വരെയാണ് വാർഷിക കോൺഗ്രസ് നടക്കുന്നത്.സുരക്ഷിതമായ സ്റ്റാഫിംങ് ജീവൻ രക്ഷിക്കും എന്നതാണ് ഈ വർഷത്തെ പ്രധാന ചർച്ച.ക്ലിനിക്കൽ, സ്റ്റാഫിംങ്, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ ആശയവിനിമയം ഈ വർഷത്തെ പ്രത്യേകതയാണ്.
ആരോഗ്യപരിചയ മേഖലയിലെ പ്രൊഫഷണലുകൾ, രാഷ്ട്രീയക്കാർ, പ്രചാരണ പ്രവർത്തകർ, മറ്റ് സ്വാധീനശക്തിയുള്ള പ്രഭാഷകർ തുടങ്ങിയവർ അഞ്ചു ദിവസത്തെ കോൺഗ്രസിൽ പങ്കെടുക്കും. ഹെൽത്ത് ആന്റ് നഴ്സിങ്, നേഴ്സ് എഡ്യൂക്കേഷൻ, നഴ്സ് ക്ലിനിക്കൽ എഡ്യൂക്കേഷൻ, എള്ഡർലി കെയർ തുടങ്ങിയ മേഖലകളിലെ വിശദ വിവരങ്ങൾ കോൺഗ്രസിൽ പങ്കുവയ്ക്കും. ഈ വർഷത്തെ കോൺഗ്രസിന് നേതൃത്വം നൽകുന്നത് ആർ സി എൻ ചെയർ ബി ജെ വാൽത്തോ ആണ്.
ഇരുപഞ്ചോളം വിഷയങ്ങൾ കോൺഗ്രസ് ചർച്ച ചെയ്യും. വിവിധ പ്രബന്ധ ങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കുശേഷം വോട്ടുകൾ സ്വീകരിക്കുകയും ഭൂരിപക്ഷം ആർസിഎൻ ഭാവി പ്രവർത്തനങ്ങളെ തീരുമാനിക്കുകയും ചെയ്യുന്നതാണ് രീതി. ആർസിഎൻ 2022 എക്സിബിഷനും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രദർശനം വഴി പ്രധിനിധികൾക്കു വിവിധ യൂണിവേഴ്സിറ്റികളിൽ വന്ന പ്രതിനിധികളെ പരിചയപ്പെടാനും റിക്രൂട്ട്മെന്റ് ഏജൻസികളും ആരോഗ്യ സംരക്ഷണ ദാതാക്കളുമായും ഇടപഴകുന്നതിനുള്ള അവസരം ലഭിക്കും. ജോലിസ്ഥലത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് അറിയാനുള്ള മികച്ച സ്ഥലം കൂടിയായി ആർ.സി.എൻ 2022 മാറും.
നാല് ലക്ഷത്തി അറുപത്തി അയ്യായിരം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ നഴ്സിംഗ് സംഘടനയായ ആർ സി എൻ സംഘടിപ്പിക്കുന്ന കോൺഗ്രസിൽ ഈ വർഷം 5000 അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇതിൽ 700 ഓളം പേർക്ക് മാത്രമാണ് വോട്ടിംഗ് അവകാശമുള്ളത്. മലയാളികൾക്ക് അഭിമാനമായി ലണ്ടൻ റീജിയൻ ബോർഡ് അംഗമായ എബ്രഹാം പൊന്നുംപുരയിടം വോട്ടിംഗ് അംഗം ആയി പങ്കെടുക്കുന്നുണ്ട്.
പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ആരോഗ്യ പ്രവർത്തകർക്കു പാർപ്പിടവും താമസവും, ഫാമിലി സെറ്റിൽമെന്റ്, കുട്ടികളുടെ സ്‌കൂൾ പ്രവേശനം, പരിചരണം തുടങ്ങിയവ തൊഴിലുടമകളും ലോക്കൽ കൗൺസിലുകളും കൂടി ഉത്തരവാദിത്വത്തിലാക്കണമെന്ന ആവശ്യം ചർച്ചക്കും അംഗീകാരത്തിനുമായി സമർപ്പിച്ചിട്ടുണ്ടെന്ന് എബ്രാഹം പൊന്നുംപുരയിടം പറഞ്ഞു. ഈ ആവശ്യങ്ങൾ നടപ്പാക്കിയാൽ ഇന്ത്യയിൽ നിന്നടക്കം എത്തുന്ന ആരോഗ്യ പ്രവർത്തകർക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങൾ നടപ്പാക്കാൻ പരിശ്രമം തുടരുമെന്നും എബ്രഹാം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല