സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണത്തിനായി 13 കാരനെ വധിച്ച കൗമാരക്കാര്‍ ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ 17 വയസ്സുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പിടിയിലായത്.
ഒരേ നൃത്തസംഘത്തിലെ അംഗങ്ങളാണ് മൂന്നുപേരും. ജനപ്രിയ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ മുംബൈക്കു പോകാന്‍ ഇതില്‍ രണ്ടുപേര്‍ ആഗ്രഹിച്ചു. ഇതിനായി മൂന്നാമനായ സ്വപ്‌നേഷ് ഗുപ്തയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ തീരുമാനിച്ചുവെന്ന് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ എം.എസ്. രണ്‍ധവ പറഞ്ഞു.
പരിപാടിക്കെന്നുപറഞ്ഞ് സപ്തംബര്‍ 16ന് സ്വപ്‌നേഷിനെ ഉത്തരാഖണ്ഡിലേക്കു കൊണ്ടുപോയി. റാണിഖേട്ടിലെ കുന്നിന്‍മുകളിലെത്തിച്ച് കഴുത്തുമുറുക്കിക്കൊന്നു. മൃതദേഹം തള്ളിത്താഴെയിട്ടു. രണ്ടുദിവസത്തിനുശേഷം ഇരുവരും ഡല്‍ഹിയില്‍ തിരിച്ചെത്തി. സ്വപ്‌നേഷിന്റെ അച്ഛനെ ഫോണില്‍ വിളിച്ച് 60,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
ഇദ്ദേഹത്തിന്റെ പരാതിയില്‍, ഫോണ്‍ കാള്‍ പിന്തുടര്‍ന്നാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരുടെ മറ്റു വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല