സ്വന്തം ലേഖകന്‍: 2016 ല്‍ ദുബായ് വിമാനത്താവളത്തില്‍ തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനം തീപിടിക്കാന്‍ കാരണം എഞ്ചിന്‍ തകരാര്‍ അല്ലെന്ന് കണ്ടെത്തല്‍. 2016 ഓഗസ്റ്റില്‍ എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത് എന്‍ജിന്‍ തകരാര്‍ മൂലമല്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തുന്നത്.
2016 ഓഗസ്റ്റ് മൂന്നിന് 282യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബോയിങ് 777300 വിമാനമാണ് അപകടത്തില്‍പെട്ടത്.പൊടുന്നനെ കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് വിമാനത്താവള അധികൃതരുടെയും വിമാനത്തിലെ ജീവനക്കാരുടെയും കൃത്യമായ ഇടപെടലുകൊണ്ടാണ് യാത്രക്കാരെല്ലാം രക്ഷപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുഎഇ അഗ്‌നിശമന സേനാംഗം മരിക്കുകയും 24ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപകടം നടന്ന് ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ പുറത്തിറക്കിയ അന്വേഷണ പുരോഗതി വിലയിരുത്തുന്ന ഇടക്കാല റിപ്പോര്‍ട്ടിലാണ് അപകട കാരണം യന്ത്രത്തകരാറോ മറ്റ് വിമാനത്തിന്റെ തകരാറുകളോ അല്ലെന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളത്. വിമാനം ആദ്യം റണ്‍വേയില്‍ തൊട്ടിരുന്നു. എന്നാല്‍ വീണ്ടും പറന്നുയരാനുള്ള ശ്രമം പാളുകയും ശേഷം വിമാനം ഇടിച്ചിറക്കുകയുമായിരുന്നു. ഉടന്‍ തന്നെ വിമാനത്തിന് തീപിടിക്കുകയും കത്തിയമരുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
ലാന്‍ഡിങിന്റെ സമയത്തെ കാറ്റിന്റെ വേഗതയും ഗതിയും പ്രതികൂല സാഹചര്യം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. വിമാനത്തിന്റെ എഞ്ചിന്‍, കോക്പിറ്റ് ശബ്ദരേഖകള്‍, വിമാനത്തിന്റെ ഡേറ്റ റെക്കോര്‍ഡുകള്‍ തുടങ്ങിയവ അബുദാബി ലാബോറട്ടറിയില്‍ അയച്ച് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അപകടത്തിന് പിന്നില്‍ മനുഷ്യ ഇടപെടലുകളുണ്ടോ എന്ന് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല