സ്വന്തം ലേഖകന്‍: സുപ്രീം കോടതിയില്‍ കലാപക്കൊടി ഉയര്‍ത്തി നാലു ജഡ്ജിമാരുടെ പത്രസമ്മേളനം; ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി വിട്ടിറങ്ങി വാര്‍ത്തസമ്മേളനം നടത്തിയത്.
ഏതാനും മാസമായി സുപ്രീം കോടതിയുടെ ഭരണനടത്തിപ്പ് ശരിയായ രീതിയിലല്ലെന്നും അക്കാര്യം ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും പറഞ്ഞാണ് ജഡ്ജിമാര്‍ തുടങ്ങിയത്. ഏതൊക്കെ ജഡ്ജിമാര്‍ കേസ് പരിഗണിക്കണമെന്ന് നിശ്ചയിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ദുരുപയോഗിക്കുന്നതായും കേസ് കേള്‍ക്കേണ്ട ജഡ്ജിമാരെ പക്ഷപാതപരമായി ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
കോടതി നടപടി നിര്‍ത്തിവെച്ച് ഉച്ചക്ക് 12.30 ഓടെ ജസ്റ്റിസ് ചെലമേശ്വറിന്റെ ഔദ്യോഗിക വസതിയിലാണ് ഇവര്‍ സംയുക്ത വാര്‍ത്തസമ്മേളനം നടത്തിയത്. ഏതാനും മാസം മുമ്പ് ചീഫ് ജസ്റ്റിസിനു നാലുപേരും ചേര്‍ന്ന് നല്‍കിയ ഏഴു പേജ് പരാതിയുടെ പകര്‍പ്പും പുറത്തുവിട്ടു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ എന്ന് രാജ്യം തീരുമാനിക്കട്ടെ.
ശനിയും ഞായറും കഴിഞ്ഞാല്‍ തിങ്കളാഴ്ച ഞാന്‍ കോടതിയില്‍ പോകും. അതിനപ്പുറമൊന്നുമില്ല. രാജ്യത്തോടുള്ള ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്നു മാത്രം, ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.
നിവൃത്തിെകട്ടാണ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വിശദീകരിച്ചു. ജനാധിപത്യം കാത്തുസൂക്ഷിക്കണമെങ്കില്‍ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെ പരിരക്ഷിക്കാന്‍ അടിയന്തര നടപടി കൂടിയേ തീരൂ. അക്കാര്യം ജനങ്ങളോട് തുറന്നുപറയേണ്ടിവന്നിരിക്കുന്നു.
തെറ്റായ രീതികള്‍ക്കെതിരെ ചീഫ് ജസ്റ്റിസിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടു. നേരേത്ത അദ്ദേഹത്തിനു കത്തു നല്‍കിയിട്ടും പ്രയോജനമുണ്ടാകാത്തതുകൊണ്ടാണ് മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിെന്റ വിചാരണ നടത്തിവന്ന മുംബൈ പ്രത്യേകകോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹരജി മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചിനെ ഏല്‍പിക്കുന്നതിനു പകരം ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള 10ാം നമ്പര്‍ കോടതിക്ക് ചീഫ് ജസ്റ്റിസ് കൈമാറിയതാണ് ഏറ്റവും ഒടുവിലത്തെ പ്രകോപനമെന്ന സൂചന ജസ്റ്റിസ് ഗൊഗോയ് നല്‍കി. ഈ കേസ് കേള്‍ക്കേണ്ട ബെഞ്ച് ഏതെന്ന് ചീഫ് ജസ്റ്റിസ് നിശ്ചയിച്ചതിനു പിന്നാലെയായിരുന്നു സംഭവവികാസങ്ങള്‍. കേസ് പരിഗണിക്കുന്ന ബെഞ്ചിനെ തീരുമാനിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടലുകളും പിന്നാമ്പുറ നീക്കങ്ങളുമുണ്ടെന്ന ആരോപണം ഇതോടെ ശക്തമായി. എന്നാല്‍, നീതിപൂര്‍വകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചീഫ് ജസ്റ്റിസിനോട് അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
നാലു ജഡ്ജിമാര്‍ കോടതി നടപടി നിര്‍ത്തിവെച്ചെങ്കിലും മറ്റു ബെഞ്ചുകള്‍ സാധാരണ നിലയില്‍ നടന്നു. പരമോന്നത നീതിപീഠത്തിലുണ്ടായ ലഹള ജഡ്ജിമാരുടെ ആഭ്യന്തര കാര്യമാണ്, ഇടപെടുന്നതിന് പരിമിതിയുണ്ട്, പരസ്പരം പറഞ്ഞുതീര്‍ക്കെട്ടയെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിയമവൃത്തങ്ങളില്‍നിന്ന് സമ്മിശ്ര പ്രതികരണം ഉയരുന്നുണ്ട്. ചീഫ് ജസ്റ്റിസിെന്റ നടപടിയില്‍ അവിശ്വാസം രേഖപ്പെടുത്തി മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തു വരുന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല