സ്വന്തം ലേഖകൻ: ശ്രീലങ്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനടക്കം കൂടുതൽ രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് വരുന്നത്. കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ താഴ്ന്ന വരുമാനമുള്ള, വികസ്വര രാജ്യങ്ങളുടെ കടബാധ്യത ആശങ്കാജനകമായി ഉയർന്ന നിലയിലാണെന്ന് ലോകബാങ്ക് കണക്കുകൾ പറയുന്നു.
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നു എന്ന ആശങ്ക ശക്തമാകുന്നതിനിടെ കടം തിരിച്ചടവ് മുടങ്ങുന്ന ഈ രാജ്യങ്ങളിലെ സ്ഥിതി അത്യന്തം ശോചനീയമാണ്. ഒരു രാജ്യം കടമെടുത്ത് വികസന പദ്ധതികൾ നടപ്പിലാക്കിയതിനു ശേഷം അത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ സമ്പദ് വ്യവസ്ഥയിലെ എല്ലാ മേഖലകളും ഒരുമിച്ച് തകർന്നടിയുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
ആഗോള പണപ്പെരുപ്പം, കാലാവസ്ഥ വ്യതിയാനം, യുദ്ധം എന്നിവ ഒരുമിച്ചു ചേർന്ന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ കാലത്ത് കടക്കെണി വികസ്വര രാജ്യങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണം പോലും നിഷേധിക്കുന്നു.
ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം പന്ത്രണ്ടോളം രാജ്യങ്ങൾ ഇപ്പോൾത്തന്നെ വലിയ സാമ്പത്തിക തകർച്ചയിലാണ്. നിലവിൽ ശ്രീലങ്ക നേരിടുന്നതുപോലെ 69 രാജ്യങ്ങൾക്ക് സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. ഈ 69 രാജ്യങ്ങളിൽ 19 രാജ്യങ്ങൾ ലാറ്റിനമേരിക്കയിലും 25 രാജ്യങ്ങൾ ഏഷ്യ-പസഫിക്കിലും 25 രാജ്യങ്ങൾ ആഫ്രിക്കയിലുമാണ്.
യുക്രൈൻ, ടുണീഷ്യ, പാക്കിസ്ഥാൻ, ഈജിപ്ത്, എൽ സാൽവദോർ, പെറു, അർജന്റീന, ഘാന, കെനിയ, എത്യോപ്യ, ടർക്കി, ബെലാറസ്, ഇക്വഡോർ, നൈജീരിയ എന്നീ രാജ്യങ്ങളിലെ സ്ഥിതിയും വഷളാകുകയാണ്. ഈ രാജ്യങ്ങളിലെല്ലാം ബജറ്റ് കമ്മി കൂടി കൊണ്ടിരിക്കുന്നു. പല രാജ്യങ്ങളും, വരുമാനത്തിന്റെ പകുതിയിലധികം കടമെടുത്തതിന്റെ പലിശ തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്.
കടമെടുപ്പ് ബാധ്യത മാത്രമല്ല ഈ രാജ്യങ്ങളിലെ കറൻസികളുടെ മൂല്യത്തകർച്ചയും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.ഡോളറുമായുള്ള വിനിമയത്തിൽ ശ്രീലങ്കൻ രൂപയുടെ മൂല്യച്യുതിയാണ് നിലവിൽ ഏറ്റവും ശോചനീയം .ഇതിന്റെ കൂടെ ഈ രാജ്യങ്ങളുടെ വിദേശ നാണ്യശേഖരവും, മറ്റ് കരുതൽ ധനശേഖരവും ചോരുന്നത് പ്രശ്നങ്ങൾ നിയന്ത്രണത്തിലാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നു. ഇന്ധനവില വർദ്ധനവ് ഉണ്ടാക്കുന്ന പണപ്പെരുപ്പം കൂടിയാകുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് വ്യക്തികളും, സമ്പദ് വ്യവസ്ഥകളും എത്തിച്ചേരുന്നു.
ഏറ്റവും സുഖവും സൗകര്യവുമുള്ള പല യൂറോപ്യൻ രാജ്യങ്ങളിലെ സാധാരണക്കാരും ജീവിത ചെലവ് പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. അമേരിക്ക പലിശ ഉയർത്തുന്നതിനോടൊപ്പം കാനഡ, സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പോലും പണനയം കർശനമാക്കുന്നത് അപകട സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടാണ്.
യുദ്ധം തുടരുന്നത് മൂലമുള്ള അനിശ്ചിതത്വം ആഗോളതലത്തിൽ സാമ്പത്തിക സ്ഥാപനങ്ങളുടെ വളർച്ചയെയും മുരടിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി എപ്പോൾ, എങ്ങനെ, എവിടെ തുടങ്ങുമെന്ന് ആർക്കും പ്രവചിക്കാനാകില്ലെങ്കിലും ലോകം ഒരു ആഗോള മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല