സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വനിതകളുടെ തിരക്ക്. വനിതാ എംപിമാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 191 വനിതാ അംഗങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്റില്‍ എത്തുന്നത്. കഴിഞ്ഞ തവണ വനിതാ എംപിമാരുടെ എണ്ണം 147 ആയിരുന്നു.
ആറു ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളത്. 1997 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യമാണിത്. ലേബര്‍ പാര്‍ട്ടിയാണ് ഏറ്റവും കൂടുതല്‍ വനിതകളെ പാര്‍ലമെന്റില്‍ എത്തിച്ചത്. പാര്‍ട്ടിക്ക് 99 വനിതാ പ്രതിനിധികളുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 331 എംപിമാരില്‍ 68 പേര്‍ വനിതകളാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലും ഉള്‍പ്പെടും.
തെരഞ്ഞെടുപ്പില്‍ അത്ഭുത വിജയം നേടിയ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്എന്‍പി) യാണ് വനിതകളുടെ ശതമാന കണക്കില്‍ മുന്നില്‍. 56 എസ്എന്‍പി പ്രതിനിധികളില്‍ 20 പേരും വനിതകളാണ്. ലിബറല്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ ഏറ്റ തിരിച്ചടി വനിതാ അംഗങ്ങളുടെ എണ്ണത്തിലും പ്രതിഫലിക്കുന്നു. കഴിഞ്ഞ തവണ ഏഴു വനിതകളെ പാര്‍ലമെന്റിലേക്ക് എത്തിച്ച ലിബറലുകള്‍ക്ക് ഇത്തവണ വട്ടപൂജ്യരാകേണ്ടി വന്നു.
ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍, ബേബി എംപിയായ എസ്എന്‍പിയുടെ 20 വയസുകാരി മെഹരി ബ്ലാക്ക് എന്നിവരാണ് വനിതാ അംഗങ്ങളിലെ പ്രധാന താരങ്ങള്‍. ബ്ലാക്ക് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. 1677 നു ശേഷം ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് മെഹരി ബ്ലാക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല